‘എഹ്സാൻ തേരാ ഹോഗാ മുഛ്പർ ദിൽ ചാഹ്താ ഹേ വോ കഹ്നേ ദോ’ ജംഗ്ലി എന്ന സിനിമയിലെ നായകനായ ഷമ്മി കപൂർ പാടുന്ന പാട്ടാണിത്. തന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്ന നായികയായ സൈറാ ബാനുവിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ തിങ്ങിവിങ്ങുന്ന സ്നേഹവും മോഹവും മന്ത്രിക്കുന്നതു പോലെ ഒഴുകുകയാണ്. ഷമ്മി കപൂറിലേക്ക് മുഹമ്മദ് റാഫി കടന്നുകയറുകയാണെന്ന് പറയുകയാവും നല്ലത്. അലൗകിക നാദധാരയ്ക്ക് ഉടമയായ മുഹമ്മദ് റാഫിയിലൂടെ പ്രേക്ഷകർ ഇങ്ങനെ എത്രയോ പ്രണയമറിഞ്ഞു; പ്രണയത്തിന്റെ കനൽ നീറ്റലറിഞ്ഞു.
എഹ്സാൻ തേരാ ഹോഗാ എന്ന ഗാനത്തിലെ പ്രണയം തളംകെട്ടി നിൽക്കുന്ന ഷമ്മി കപുറിന്റെ കണ്ണുകൾ മറക്കുക എളുപ്പമല്ല. ആ പ്രണയത്തിന് ജീവൻ പകർന്ന മുഹമ്മദ് റാഫിയേയും. മുഹമ്മദ് റാഫി എന്ന സംഗീത ഇതിഹാസം ഭൂമി വിട്ട് പറന്നിട്ട് നാളെ 44 വർഷം!. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അന്ത്യം. വർഷവും തീയതിയും ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്നേയുള്ളൂ. ലോകമെന്പാടുമുള്ള ആസ്വാദകരുടെ റാഫി സാബ് ഇന്നും ജീവിക്കുക തന്നെയാണ്. ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തേക്കാൾ എത്രയോ അധികം…
ഹം കിസീസെ കം നഹീം എന്ന ചിത്രത്തിലെ “ചാന്ദ് മേരാ ദിൽ ചാന്ദ്നി ഹോ തും’ എന്ന വിരഹഗാനത്തിൽ പ്രണയിനിയോട് മടങ്ങി വരാൻ പറയുന്നതും (ലൗട്ട് കെ ആനാ) പിന്നീട് അവൾ പോവുകയാണെന്ന് അറിയുന്പോൾ പിടയുന്ന വേദനയിൽ പോകുവാനനുവദിക്കുന്നതും ഇന്നും മുറിപ്പാടുകൾ തന്നെയാണ്(ജാവോ മേരി ജാൻ).
നീൽ കമൽ എന്ന ചിത്രത്തിൽ “ആജാ.. തുഛ്കോ പുകാരേ മേരാ പ്യാർ’ എന്ന് ഉൾത്തടത്തിൽ നിന്നെങ്ങോ ഉയരുന്ന ദാഹത്തോടെ, നെഞ്ചുരുക്കത്തോടെ മുഹമ്മദ് റാഫി വിളിക്കുന്പോൾ ഓരോ പ്രണയിനിയുടേയും കാലുകൾ അറിയാതെ ചലിച്ചു പോകും. ഗുരുദത്തിന്റെ ആഴ്ന്നിറങ്ങുന്ന പ്രണയക്കണ്ണിലൂടെ നിറയുന്ന ചൗധ്വീൻ കാ ചാന്ദ് ഹോയിൽ സ്നേഹത്തിന്റെ ഒരു താലോലം കാണാം.
പുതിയ ഭാഷയിൽ പറഞ്ഞാൽ പ്രണയത്തിന്റെ നേരിയ ചലനങ്ങൾ(ന്യുവാൻസസ്) പോലും ഇത്ര ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഗായകൻ വേറെയുണ്ടോ എന്ന് സംശയമാണ്. ദോസ്തിയിലെ “ചാഹൂംഗാ മേം തുഛേ’ എന്ന ഗാനം ശ്രദ്ധിക്കുക. വൈകാരികത ഓരോ വാക്കിലുമങ്ങനെ തുടിച്ചു നിൽക്കും. ആവാസ് മേം ന ദൂംഗാ, മിത്വാ മേരേ യാർ തുഛ്കോ ബാർ ബാർ എന്നിവ അടയാളങ്ങളാണ്.
ബഹാരോം ഫൂൽ ബർസാവോ, ആജ് മൗസം ബഡാ ബേയിമാൻ, ഖൊയാ ഖൊയാ ചാന്ദ് തുടങ്ങിയ ഗാനങ്ങളിൽ റാഫി പ്രണയം ആഘോഷിക്കുന്നത് തൊട്ടറിയാം.
പ്രണയ ഗാനങ്ങൾ മാത്രമല്ല ഭക്തിഗാനങ്ങൾ, ഖവാലി, ഫാസ്റ്റ് നന്പറുകൾ അങ്ങനെ എല്ലാം മുഹമ്മദ് റാഫിക്ക് വഴങ്ങും. ഓ ദുനിയാ കെ രഖ്വാലെ പോലുള്ള വ്യത്യസ്ത റേഞ്ചിലുള്ള നൗഷാദ് ഗാനമാലപിക്കുവാൻ റാഫിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും സംഗീത നിരൂപകന്മാർ ചൂണ്ടിക്കാട്ടുന്നു. നാല് പതിറ്റാണ്ടോളം ആ ശബ്ദം ഇന്ത്യൻ ഗാനലോകത്തെ തന്നെ പാടിയുണർത്തി. ഗുരുദത്ത്, ദേവാനന്ദ്, രാജേന്ദ്രകുമാർ, ധർമേന്ദ്ര, ഷമ്മി കപൂർ, സുനിൽ ദത്ത് അങ്ങനെ എത്രയെത്ര നായകന്മാരാണ് മുഹമ്മദ് റാഫിയിലൂടെ പ്രണയിച്ചത്. നമ്മളെ തീരാ അനുഭൂതിയിലാഴ്ത്തിയത്.
അമൃത്സറിലെ കോട്ല എന്ന ഗ്രാമത്തിലെ സന്പന്നമായ കർഷക കുടുംബത്തിൽ ജനിച്ച മുഹമ്മദ് റാഫിയുടെ ഓമനപ്പേര് ഫീക്കു എന്നായിരുന്നു. ഗ്രാമത്തിലെ വഴികളിലൂടെ അലഞ്ഞുനടന്ന ഒരു ഫക്കീർ പാടുന്നതിൽ ആകൃഷ്ടനായി പാട്ടുകേൾക്കാൻ ഫക്കീറിന്റെ പിന്നാലെ നടന്ന ബാല്യമുണ്ട് റാഫിക്ക്. സംഗീതത്തിൽ നിന്നും വളരെയകലെയായിരുന്ന അച്ഛൻ മകനെ പിന്തിരിപ്പിക്കാൻ പൊതിരെ തല്ലിയിട്ടുമുണ്ട്. ദേവദൂതനെപ്പോലെ എത്തിയ ഫക്കീറിന്റെ അനുഗ്രഹം കൊണ്ടെന്ന പോലെ എല്ലാ പ്രതിസന്ധികളേയും മറികടന്ന് റാഫി വളർന്നു.
ഹിന്ദുസ്ഥാനി സംഗീത ഗുരുക്കന്മാരുടെ അരികിലേക്ക് റാഫിയെ എത്തിച്ച് സംഗീത പഠനത്തിന് വഴിയൊരുക്കിയ ജേഷ്ഠൻ ഹമീദിനേയും നമുക്ക് ഓർമ്മിക്കാം. ആദ്യം പഞ്ചാബി സിനിമാ ലോകത്തും പിന്നീട് ഹിന്ദി സിനിമാ ലോകത്തും എത്തുവാനും ഭാഗ്യം തുണച്ചു. 1980 ജൂലൈ 31ന് മരിക്കുന്നതിന് മുന്പ് ആസ്പാസ് എന്ന ചിത്രത്തിനു വേണ്ടി റാഫി പാടി. പിന്നീട് അനന്തയിലേക്ക്…. എങ്കിലും ഒരു കാലത്തിന്റെ പ്രണയമായി, മോഹമായി ജീവിതമായി മുഹമ്മദ് റാഫി നിറഞ്ഞു നിൽക്കുന്നു.
എസ്. മഞ്ജുളാദേവി