കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കൽ മൈലാടിയിലെ മുഹമ്മദലിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഭാര്യ ഉമ്മുൽസാഹിറയും അതു നടപ്പാക്കിയത് കാമുകൻ പത്തനംതിട്ട സ്വദേശി ജെയ്മോനും ചേർന്നെന്ന് മൊഴി. പ്രതികളെ കുടുക്കാൻ സഹായിച്ചത് ജെയ്മോന്റെ അതിബുദ്ധിയാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.
2018 സെപ്തംബർ 21നാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ 20ന് തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നു ഉമ്മുൽസാഹിറയെയും ചൊവ്വാഴ്ച ദിണ്ടിഗലിൽ വച്ച് ജെയ്മോനെയും പിടികൂടുകയായിരുന്നു. ഒന്നര വർഷം മുന്പ് നടന്ന സംഭവത്തിൽ കേസുമായ ബന്ധപ്പെട്ട വിവരങ്ങളറിയാൻ മാധ്യമപ്രവർത്തകൻ ചമഞ്ഞ് നാട്ടിലുള്ള ഒരു നന്പറിലേക്കു ജെയ്മോൻ വിളിച്ചതാണ് പ്രതികൾ വലയിലാകാൻ കാരണം.
ഈ നന്പറിനെ പിന്തുടർന്ന് പ്രത്യേകഅന്വേഷണ സംഘം തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു. ഭർത്താവിനെ വകവരുത്തിയാൽ തന്റെ പേരിലുള്ള ഒന്പതു സെന്റ് സ്ഥലവും വീടും ചരക്കു വണ്ടിയും ജെയ്മോന്റെ പേരിലാക്കാമെന്നു ഉമ്മുൽ സാഹിറ വാഗ്ദാനം ചെയ്തിരുന്നതായി പ്രതി പറഞ്ഞു. ചിതലിന് ഉപയോഗിക്കുന്ന വിഷം മദ്യത്തിൽ ചേർത്തു നൽകിയാണ് കൊലപ്പെടുത്തിയത്.
ഇതിനായി നിലന്പൂർ ബീവറേജിൽ നിന്നു മൂന്നു കുപ്പി മദ്യം വാങ്ങി. മദ്യം വാങ്ങാനായി ആയിരം രൂപയും ഉമ്മുൽസാഹിറ നൽകി. കൊലപ്പെടുത്തി വണ്ടിയിൽ കയറ്റി വണ്ടിയടക്കം തൊട്ടടുത്തുള്ള ആഴമേറിയ ക്വാറിയിൽ തള്ളാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതിനു ഉമ്മുൽസാഹിറ വഴങ്ങിയില്ല.
സംഭവം നടന്ന രാത്രിയിൽ എട്ട് മണിയോടെ മദ്യപിക്കാനായി മുഹമ്മദലിയും ജെയ്മോനും വീടിന്റെ ടെറസിൽ കയറി. ഇവിടെ വച്ചാണ് മദ്യത്തിൽ വിഷം ചേർത്തത്. മദ്യത്തിന്റെ കുപ്പിയുടെ അടപ്പ് തുറന്ന് കൊടുത്തതും ഉമ്മുൽ സാഹിറയായിരുന്നു.
വിഷം അകത്തു ചെന്നു ഛർദിച്ച് അവശനായ മുഹമ്മദലിയെ താഴെ മുറിയിൽ കൊണ്ടുവന്നു കിടത്തിയതു രണ്ടു പേരും ചേർന്നാണ്. മരണം ഉറപ്പാക്കി രാത്രി രണ്ടു മണിക്കു ശേഷമാണ് ജെയ്മോൻ മടങ്ങിയത്. സംഭവത്തിന്റെ നാലാം ദിവസം ഉമ്മുൽസാഹിറ ജെയ്മോന്റെ കൂടെ നാട് വിടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു.
ഉമ്മുൽസാഹിറയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജെയ്മോനെ ബുധനാഴ്ചയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശ്, ഡിവൈഎസ്പി. എൻ.വി. അബ്ദുൽ ഖാദർ, സിഐ ജോതീന്ദ്രകുമാർ, എസ്ഐ സി.കെ.നൗഷാദ്, എഎസ്ഐമാരായ യൂസുഫ്, അരുണ്ഷാ, അജിത്, ശ്രീകുമാർ, സിപിഒ മാരായ ആഷിഫ് അലി, കൃഷ്ണകുമാർ, മനോജ്, നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.