കാളികാവ്: അഞ്ചച്ചവിടി മൈലാടിയിൽ ഒന്‍പതുമാസം മുന്‍പു നടന്ന മരുദത്ത് മുഹമ്മദലിയുടെ ദുരൂഹ മരണവും ഭാര്യയെയും കുട്ടികളെയും കാണാതായ കേസിലും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിക്കും.മുഖ്യമന്ത്രി പിണറായി വിജയനു ആക്ഷൻ കൗണ്‍സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
സെപ്റ്റംബർ 21നാണ് മുഹമ്മദലിയെ (49) വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേർന്നു വിഷം നൽകി കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. സംഭവത്തിനു ശേഷം നാലാംനാൾ മുഹമ്മദലിയുടെ ഭാര്യ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെയും കൂട്ടി കാമുകന്റെ കൂടെ ഒളിച്ചോടുകയും ചെയ്തു.
ഇതേ തുടർന്നു ബന്ധുക്കൾ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കാളികാവ് പോലീസിൽ പരാതി നൽകുകയും ചെയ്തു. സാധാരണ മരണമെന്ന നിലയിൽ മറവു ചെയ്ത മൃതദേഹം 29നു പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ആന്തരിക രാസപരിശോധനയിൽ വിഷം അകത്തു ചെന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം കാളികാവ് പോലീസ് തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നു നാട്ടുകാരും ബന്ധുക്കളും ചേർന്നു ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് പ്രവർത്തനം ഉൗർജിതമാക്കി.
മുഖ്യമന്ത്രി, എംഎൽഎ, ഡിജിപി, എസ്പി എന്നിവർക്ക് പരാതി നൽകി. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഡിജിപിയുടെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. യാതൊരു നടപടിയും പിന്നീടുണ്ടായിട്ടില്ല.
തുടർനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി എന്ന സന്ദേശം ഇക്കഴിഞ്ഞ മൂന്നിനാണ് ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾക്കു ലഭിച്ചത്. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. അംഗങ്ങളായ ആലുങ്ങൽ അബു, പി.കെ മുഹമ്മദ് ശുക്കൂർ, മോയിക്കൽ ബാപ്പുട്ടി, സി.എച്ച് കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.