തിരുവനന്തപുരം: കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റ് എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലനിൽക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസിനേറ്റ തോൽവി ദൗർഭാഗ്യകരമാണ്. പാഠം ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോവണം.
വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. മതനിരപേക്ഷ നിലപാട് സ്വീകരിച്ച് തമ്മിലടി അവസാനിപ്പിച്ച് മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് റിയാസ് ഉപദേശം നൽകുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അഞ്ച് സമസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ ഫലം പുറത്തു വരുന്പോൾ വിജയ പ്രതീക്ഷയുടെ ഉത്തുംഗശൃംഗത്തിലാണ് ബിജെപി. നാലിൽ മൂന്നിടങ്ങളിലും താമര വിരിയിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി. മധ്യപ്രദേശിൽ 161 സീറ്റിലും രാജസ്ഥാനിൽ 113, ഛത്തീസ്ഗഡിൽ 53 എന്നിങ്ങനെയാണ് ബിജെപിയുടെ മുന്നേറ്റം.