കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയുള്ള പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളുടെ നീക്കം സിപിഎമ്മിനു തലവേദനയാകുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട്ടുണ്ടായ പിഎസ് സി അംഗത്വ വിവാദം മന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സിപിഎം വിലയിരുത്തല്‍.
ആരോപണവിധേയനായ സിപിഎം യുവനേതാവ് പ്രമോദ് കോട്ടൂളി മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളല്ല. അതേസമയം പാര്‍ട്ടി ജില്ലാ ഘടകത്തിലെ പ്രമുഖ നേതാക്കളുമായി പ്രമോദ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നിട്ടും മന്ത്രിയുടെ പേരു പരാതിയില്‍ ഉള്‍പ്പെടുകയും അതു വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തത് പാര്‍ട്ടിയിലെതന്നെ ചിലരുടെ പിന്തുണയോടെയാണെന്നാണു വിലയിരുത്തല്‍. അതുകൊണ്ടാണ് റിയാസിനെതിരേ ‘ഒരു അന്വേഷണവുമില്ല’ എന്ന് എം.വി. ഗോവിന്ദന് ഇന്നലെ അറിയിച്ചത്.
ഇന്ന് ജില്ലാക്കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പ്രമോദ് കോട്ടൂളിക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. അതേസമയം വിഷയം ഏറ്റുപിടിച്ച് റിയാസിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുത്ത് ലീഗും റിയാസിനെ ലക്ഷ്യമിട്ടു രംഗത്തുവന്നുകഴിഞ്ഞു. പാര്‍ട്ടിയുടെ പൂര്‍ണ സംരക്ഷണമുണ്ടെങ്കിലും പരമാവധി റിയാസിനെ കുടയുക എന്നലക്ഷ്യം വച്ചാണ് നീക്കം.
സര്‍ക്കാരിനെതിരായ, പ്രത്യേകിച്ചും മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളില്‍ ആദ്യം പ്രതികരിച്ച് രംഗത്തുവരാറുള്ളത് മുഹമ്മദ് റിയാസാണ്. ഇപ്പോര്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം പരമാവധി മുതലാക്കാനാണ് പ്രതിപക്ഷ ശ്രമം.
അതേസമയം ലോക് സഭാതെരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടികളില്പെട്ടുഴലുന്ന സിപിഎമ്മിനു കനത്തതിരിച്ചടിയാണ് കോഴ വിവിവാദം. പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം ടൗണ്‍ എരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി 22 ലക്ഷം രൂപ വാങ്ങിയെന്നാണ് ഡോക്ടര്‍ ദമ്പതികള്‍ പാര്‍ട്ടിക്കു പരാതി നല്‍കിയത്.
മന്ത്രി റിയാസ് വഴി അംഗത്വം വാങ്ങിത്തരാമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. മന്ത്രി പരാമര്‍ശമാണ് സിപിഎമ്മിനെയാകെ വെട്ടിലാക്കിയത്. പരാതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ തന്നെ ചില നേതാക്കളുടെ ‘ഇടപെടല്‍’ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.