ചാരപ്രവൃത്തി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ നിര്‍ദേശം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍; ചോര്‍ത്തിയത് ബിഎസ്എഫ് രഹസ്യങ്ങള്‍

CHARANFB

ന്യൂഡല്‍ഹി: ചാരപ്രവൃത്തിയുടെ പേരില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അക്തറിനോട് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാനില്‍ നിന്നുള്ള രണ്ടു പേരുടെ സഹായത്തോടെ ബിഎസ്എഫ് രഹസ്യങ്ങളാണ് ഇയാള്‍ ചോര്‍ത്തിയത്. രഹസ്യങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറുകയായിരുന്നു ഇയാളുടെ രീതി.

അറസ്റ്റിലായ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഡല്‍ഹി പോലീസ് പിന്നീട് വിട്ടയച്ചു. പിന്നീടാണ് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവ് നല്‍കിയത്. ഇയാളെ പുറത്താക്കുന്നതായുള്ള വിവരം പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെയും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ നിന്നുള്ള മൗലാന റംസാന്‍, മുഹമ്മദ് ജഹാംഗീര്‍ എന്നിവരാണ് പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വിവരങ്ങള്‍ നല്‍കിയത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്ക് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഹമ്മദ് അക്തറിന്റെ കൈവശം അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വ്യന്യാസത്തിന്റെ മാപ്പും മറ്റ് രേഖകളും ഉണ്ടായിരുന്നു. പോലീസ് പിടികൂടിയപ്പോള്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത്.

Related posts