കോട്ടയം: ജില്ലയിൽ പാഴ്സൽ സർവീസിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വീര്യം കൂടിയ ലഹരി മരുന്ന് എത്തുന്നു. ലഹരി മരുന്ന് കടത്തിനെതിരെ പോലീസും എക്സൈസും പരിശോധന കർശനമാക്കിയതോടെയാണ് ലഹരി മാഫിയ നൂതന മാർഗങ്ങൾ പരീക്ഷിച്ചു തുടങ്ങിയത്.
പാഴ്സൽ മാർഗത്തിലൂടെ ലഹരി മരുന്ന് കടത്തിയ സംഘത്തിനായുള്ള എക്സൈസ് സംഘത്തിന്റെ തിരച്ചിൽ തുടരുകയാണ്. സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ചങ്ങനാശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫാ(21)ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വീര്യംകൂടിയ ലഹരിമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി യുവാവ് കോട്ടയത്ത് പിടിയിലായത്.
കേരളത്തിനു വെളിയിൽനിന്നും പാഴ്സൽ വഴി വീര്യംകൂടിയ ലഹരി മരുന്നുകൾ ജില്ലയിലേക്കു കടത്തുകയായിരുന്നു. പാഴ്സൽ സർവീസുകൾ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു.
ദിവസങ്ങൾ നടത്തിയ നിരീക്ഷണങ്ങൾക്കുശേഷമാണ് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ എന്ന മയക്ക് മരുന്നുമായി ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ മുഹമ്മദ് അൽത്താഫ് പിടിയിലായത്.
ഇയാളുടെ കൂട്ടാളികൾക്കായുള്ള തിരച്ചിലിലാണ് അന്വേണ സംഘം. ബാംഗ്ലൂർ കേന്ദ്രമായ വൻ മയക്ക് മരുന്ന് ശൃംഖലയാണ് ഇത്തരം മയക്കുമരുന്ന് കടത്തുകളെ നിയന്ത്രിക്കുന്നത്.
മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ പാർട്ടി ഡ്രഗ് പെർഫ്യൂം പൗഡർ എന്നിങ്ങനെയുള്ള ഓമനപ്പേരിലാണ് എംഡിഎംഎയെ വിളിക്കുന്നത്.
ജില്ലയിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്.
പത്തു ഗ്രാമിനു മുകളിൽ എംഡിഎ വിൽപ്പനയ്ക്കുള്ള അളവിലാണ് കണക്കാക്കുന്നത്. ഉദ്ദേശം ഇരുപത് ഗ്രാം എംഡിഎംഎ ആണു പിടികൂടിയത്.