മാന്നാർ: ഹരിപ്പാട് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലേക്ക് കുടിവള്ളമെത്തിക്കുവാൻ മാന്നാർ മുല്ലശേരിക്കടവിൽ പണിയുന്ന ജലസംഭരണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
മാന്നാർ നിവാസികൾക്കും കുടിവെള്ളം ലഭിക്കുന്ന തരത്തിൽ ഈ പദ്ധതി തയ്യാറാക്കണമെന്നും അഞ്ച് ക്ഷേത്രങ്ങളിലെ ആറാട്ടിനും നിരവധി പേർ കുളിക്കുവാനും അലക്കുവാനും ഉപയോഗിക്കുന്ന കടവ് സംരക്ഷിക്കണമെന്നും ഉള്ള ആവശ്യം ഉയർത്തിയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.
സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ബഷീർ എന്ന സഹായി ബഷീർ കഴിഞ്ഞ ദിവസം ജനകീയ പങ്കാളിത്തത്തോടെ ഉപവാസ സമരം സംഘടിപ്പിച്ചു.
ജലസംഭരണി നിർമാണ സ്ഥലമായ മുല്ലശേരിക്കടവിൽ നിന്നും ആവശ്യങ്ങൾ എഴുതിയ പ്ലക്കാർഡുമേന്തി ഒറ്റയാൾ പ്രകടനം നടത്തിയ ശേഷമാണ് ഉപവാസം നടത്തിയത്. മാന്നാർ പരുമലക്കടവിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉപവസിച്ചു.