കിഴക്കമ്പലം: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് കാണിനാട്ടിൽ കട വരാന്തയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദി(40)ന്റെ മൃതദേഹമാണ് ഇന്നു പുലർച്ചെ 5.30 ഓടെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
കാണിനാട് കള്ളുഷാപ്പിന് സമീപമുള്ള കട വരാന്തയിൽ മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്തും നെഞ്ചിലും രക്തം വാർന്നു കിടക്കുന്നുണ്ട്. കാണിനാട് കുറ്റയിലുള്ള പെയിന്റ് നിർമാണ സ്ഥാപനത്തിലെ തൊഴിലാളിയാണ്.
ഇന്നലെ നാട്ടുകാരുമായും ഇതര സംസ്ഥാനക്കാരുമായും കാണിനാട് ജംഗ്ഷനിൽവച്ച് വാക്ക് തർക്കമുണ്ടാക്കിയതായും പറയുന്നു. ഇയാളോടൊപ്പം താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്പലമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരെത്തി പരിശോധന നടത്തി. പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.