കാസര്‍ഗോഡ്: സ്കൂളിലേയ്ക്കു പോവുകയായിരുന്ന എട്ടുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കല്യോട്ട് ജിഎച്ച്എസ്എസിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഇരിയ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ കൊന്ന കേസില്‍ തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കണ്ണോത്തെ വിജയനെ(31)യാണ് കോടതി ശിക്ഷിച്ചത്. കാസര്‍ഗോഡ് അഡീഷണൽ സെഷന് കോടതി(ഒന്ന്)യാണ് കേസിൽ വിധി പറഞ്ഞത്.
2015 ജൂലൈ ഒൻപതിന് രാവിലെയാണ് കല്യോട്ട് ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഫഹദ് സഹോദരിക്കൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണ് വിജയന് വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്.
ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന് വാക്കത്തികൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടിച്ചുകെട്ടി പോലീസിന് കൈമാറുകയായിരുന്നു.
കുട്ടിയുടെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് പ്രതിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു. പ്രേമനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 പേരെ വിസ്തരിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെതത്തിയത്.