കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.
നാലു പ്രതികൾക്കും ഉടൻ ജയിൽ മോചിതരാകാം. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
വധശ്രമക്കേസിൽ വിചാരണക്കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചതു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ നൽകിയിരുന്നു.
മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതിയാണ് മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർക്ക് പത്തു വർഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.