സ്വന്തം ലേഖകൻ
തലശേരി: ആറളത്തെ വനംവകുപ്പിന്റെ അതിഥി മന്ദിരത്തിൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദീപ് എംപി മുഹമ്മദ് ഫൈസലിന്റെ സുഖവാസത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ആറളത്ത്.
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയോടെയാണ് മുഹമ്മദ് ഫൈസലിന് താമസം ഒരുക്കിയത്. കൂടാതെ, കൊച്ചിയിലെ ആഢംബര ഹോട്ടലിലും തലശേരി, കണ്ണൂർ എന്നിവടങ്ങളിലെ റിസോർട്ടിലും എംപി താമസിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
റോ, ഐബി, കേരളത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം, ഇന്റലിജൻസ്വിംഗ് എന്നീ ഏജൻസികളാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നത്.
വധശ്രമക്കേസിൽ പത്ത് വർഷം കോടതി ശിക്ഷിക്കുകയും ഇതേതുടർന്ന് എംപി സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത മുഹമ്മദ് ഫൈസലിന്റെ കണ്ണൂർ ആറളത്തേക്കുള്ള യാത്രയാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്.
ആറളത്തിന് പുറമേ ഇയാളുടെ നിലമ്പൂർ കാടുകളിലേക്കുള്ള യാത്രകളും ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്.ലക്ഷദ്വീപിൽനിന്ന് ഹെലികോപ്റ്റർ വഴി കൊച്ചിയിൽ എത്തുന്ന മുഹമ്മദ് ഫൈസൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മുപ്പത് തവണയാണ് കണ്ണൂരിലേക്ക് വിമാന മാർഗം എത്തിയിട്ടുള്ളത്.
ഇതിൽ ഇരുപത്തിമൂന്ന് തവണയും തങ്ങിയത് ആറളത്തെ വനംവകുപ്പ് അതിഥി മന്ദിരത്തിലാണെന്ന് സംസ്ഥാന-കേന്ദ്ര ഏജൻസികൾ നടത്തിയ അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ കൂളിംഗ് ഒട്ടിച്ച ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ഔദ്യാഗിക വാഹനത്തിലായിരുന്നു എംപിയുടെ സ്ഥിരം സഞ്ചാരമെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതിഥി മന്ദിരത്തിലെ രജിസ്റ്ററിൽ രേഖപ്പെടുത്താതെയുള്ള എംപി യുടെ വരവും കർണാടകയിലേക്കുള്ള ചില യാത്രകളും കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ നിരീക്ഷിച്ചുവന്നിരുന്നു.
രാത്രി യാത്രാ നിരോധനം നിലനിന്നിരുന്ന വേളയിൽ എംപിയോടൊപ്പം ഉദ്യോഗസ്ഥ ഔദ്യാഗിക വാഹനത്തിൽ എത്തി അതിർത്തി കടത്തിവിട്ടതായുള്ള റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
ഈ ഉദ്യാഗസ്ഥയുടെ ഭർത്താവ് കേരളത്തിൽ അറിയപ്പെടുന്ന ഏറെ സത്യസന്ധനായ ഒരു പോലീസ് ഓഫീസറാണ്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഈ ഉദ്യാഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യ എന്ന പരിഗണനയിൽ വിവാദ വനം വകുപ്പ് ഉദ്യാഗസ്ഥക്കും ഗൺമാൻമാരെ സർക്കാർ അനുവദിച്ചിരുന്നു.
ഈ ഗൺമാൻമാരെ പൂർണമായും ഒഴിവാക്കി കൊണ്ടായിരുന്നു വനിതാ ഉദ്യോഗസ്ഥ എംപി യുമായുള്ള കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇത് ഏറെ ഗൗരവത്തോടെയാണ് സംസ്ഥാന കേന്ദ്ര ഏജൻസികൾ കാണുന്നത്.
കൊച്ചിയിലേക്കും ലക്ഷദീപിലേക്കും ഈ ഉദ്യോഗസ്ഥ നടത്തിയ യാത്രയുടെ വിശദമായ വിവരങ്ങളും ഇവരുടെ കോൾ ഡീറ്റൽസും ഇതിനകം വിവിധ ഏജൻസികൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഏറെ ദുരൂഹതകൾ ഉള്ള ഈ കേസിൽ ഉന്നത ഉദ്യാഗസ്ഥയുടെ സഹപ്രവർത്തകരിൽനിന്നു വിവിധ ഏജൻസികൾ ഇതിനകം മൊഴി രേഖപ്പെടുത്തി കഴിഞ്ഞു.