നവാസ് മേത്തർ
തലശേരി: എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട കേസിലെ സുപ്രധാന തെളിവായ പ്രതികളുടെ കോൾ ഡാറ്റ റെക്കോർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
ക്രൈംബ്രാഞ്ച് ശേഖരിച്ച കോൾ ഡാറ്റാ റെക്കോർഡ്സ് സിബിഐ അന്വേഷണ ഘട്ടത്തിൽ നഷ്ടപ്പെട്ടതായാണ് പ്രതിഭാഗം അഭിഭാഷകൻ കൊച്ചി സിബിഐ കോടതി (രണ്ട്) ജഡ്ജ് കമനീഷിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
കേസിലെ അഞ്ചാം പ്രതി കലേഷ്, ആറാം പ്രതി അരുൺ കുമാർ എന്നിവരുടെ വിടുതൽ ഹർജിയിൽ ഇന്നലെ സിബിഐ കോടതിയിൽ വാദം പൂർത്തിയായിരുന്നു.
വാദത്തിനിടയിലാണ് സുപ്രധാന തെളിവ് ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ട വിവരം അഡ്വ. കെ.വിശ്വൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പ്രതികൾക്കനുകൂലമായ തെളിവായതിനാലാണ് കോൾ ഡാറ്റാ റിപ്പോർട്ട് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
സിഡിആർ പ്രകാരം സംഭവ സമയത്ത് ഒന്നാം പ്രതിയുടെ സാന്നിധ്യം ബംഗളൂരുവിലാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല.
സിബിഐയുടെ സങ്കൽപ്പം മാത്രമാണ് പ്രതികൾക്കെതിരെ നിരത്തിയിട്ടുള്ളത്. ഒന്നാം പ്രതിയുടെ പോളി ഗ്രാഫ് ടെസ്റ്റ് നടത്തിയിട്ടില്ല. ഈ കേസിൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ല. കുപ്പി സുധീഷ് എന്നയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ സത്താർ നൽകിയ പുനരന്വേഷണ ഹർജിയിൽ ബന്ധപ്പെട്ട കോടതി തീരുമാനമെടുത്തിട്ടില്ല.
കാരായിമാരുടെ വിടുതൽ ഹർജി പരിഗണിക്കാത്തതിനെതിരെയുള്ള റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ഇന്നലെ നടന്ന വാദത്തിൽ സിബിഐ കോടതിയിൽ പറത്തു.
ക്രിമിനൽ നടപടി 227 നിയമ പ്രകാരമാണ് വിടുതൽ ഹർജി നൽകിയത്. വിടുതൽ ഹർജിയിൽ എട്ടിന് കോടതി വിധി പറയും.
ഏറെ വിവാദമായ ഈ കേസിൽ സി.ഡി.ആർ നഷ്ടപ്പെട്ടുവെന്ന വെളിപ്പെടുത്തൽ കേസ് പുതിയ തലത്തിലേക്ക് എത്തിക്കും.
കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വർഷങ്ങളായി സ്വന്തം നാട്ടിൽ പ്രവേശനം ലഭിക്കാതെ എറണാകുളം ജില്ലയിൽ കഴിയുകയാണ്.
2006 ഒക്ടോബർ 22 നാണ് മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. തലശേരി സെയ്ദാർ പള്ളിക്കു സമീപം പുലർച്ചെയാണ് പത്രവിതരണക്കാരനായ ഫസൽ വെട്ടേറ്റ് മരിച്ചത്.
കണ്ണൂരിലെ രാഷ്ട്രീയകൊലപാതക കേസുകളിൽ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസായിരുന്നു ഫസൽ വധക്കേസ്.