കൊച്ചി: കൊച്ചി മെട്രോയുടെ അതിവേഗ വളർച്ചയ്ക്കു ചുരുങ്ങിയ കാലംകൊണ്ട് ഊർജം പകർന്ന എ.പി.എം. മുഹമ്മദ് ഹനീഷ് കെഎംആർഎലിന്റെ പടിയിറങ്ങുന്പോൾ ഒട്ടേറെ അഭ്യൂഹങ്ങളും ആശങ്കകളും ബാക്കിയാകുകയാണ്. പാലാരിവട്ടം മേൽപ്പാല അഴിമതി സംബന്ധിച്ച് ആരോപണങ്ങൾ കൊടുന്പിരികൊള്ളുന്ന സാഹചര്യത്തിലാണ് മാറ്റമെന്നതും ശ്രദ്ധേയം.
കെഎംആർഎലിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള മുഹമ്മദ് ഹനീഷിന്റെ മാറ്റം തികച്ചും അപ്രതീക്ഷിതമാണ്. തൊട്ടുപിന്നാലെ പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയ്ക്ക് 356 കോടിയുടെ സാന്പത്തികാനുമതിയും മന്ത്രിസഭ നൽകി. കെഎംആർഎൽ സ്വന്തം നിലയ്ക്കു നിർമാണം നടത്തുന്ന പേട്ട-എസ്എൻ ജംഗ്ഷൻ പാതയ്ക്ക് സാന്പത്തികാനുമതി ലഭിച്ച സാഹചര്യത്തിൽ മെട്രോയുടെ നിർമാണവേഗതയെ ഹനീഷിന്റെ മാറ്റത്തോടെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
ഒന്നാംഘട്ടത്തെ അവസാന റീച്ചിലെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്പോൾ എംഡിയുടെ അപ്രതീക്ഷതമായ മാറ്റം പാലാരിവട്ടം മേൽപ്പാലവുമായുണ്ടായ ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടിവരും. മുഹമ്മദ് ഹനീഷ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി ആയിരുന്നപ്പോഴാണു പാലാരിവട്ടം മേൽപ്പാലം നിർമാണം നടക്കുന്നത്.
മുഹമ്മദ്ഹനീഷിനു പകരം ആരാകും കൊച്ചി മെട്രോയുടെ എംഡി സ്ഥാനത്തേക്കു വരുമെന്നതിനെക്കുറിച്ചു യാതൊരു സൂചനയും ഇതുവരെയില്ല. 2017 നവംബറിൽ എലിയാസ് ജോർജ് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണു മുഹമ്മദ് ഹനീഷ് കെഎംആർഎലിന്റെ തലപ്പത്തു വരുന്നത്. കർമനിരതനായ ഉദ്യോഗസ്ഥൻ എന്നതിലുപരി ഒരേസമയം ഒട്ടേറെ ചുമതലകൾ മികവോടെ നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ടായിരുന്നു.
കെഎംആർഎലിന്റെ എംഡി ആകുന്നതിനു മുൻപും അതിനുശേഷവും മൂന്നോളം സ്ഥാപനങ്ങളുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. എംഡി നിയമനത്തിനു നാലു പേരെ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നു. ഇവരിലാർക്കെങ്കിലും താൽകാലിക ചുമതലയാകും ആദ്യം നൽകുക. മുഹമ്മദ് ഹനീഷിനും ആദ്യകാലത്ത് താൽകാലിക ചുമതലയായിരുന്നു. പുതിയ എംഡി വരും വരെ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കും കൊച്ചി മെട്രോ.