മലപ്പുറം: പിതൃസഹോദരൻ കടലുണ്ടിപ്പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ഒൻപതു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറ്റുമുറിയിൽ പുഴയോരത്തെ മുളങ്കൂട്ടത്തിലാണു മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഈ മാസം 13-ന് മേലാറ്റൂരിൽനിന്നു കാണാതായ ഒൻപതു വയസുകാരനെ പുഴയിൽ എറിഞ്ഞു കൊന്നെന്ന വിവരം തിരുവോണത്തലേന്ന് രാത്രിയാണു പുറത്തുവരുന്നത്. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഷഹീനെ കുട്ടിയുടെ പിതൃസഹോദരൻ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി, രാത്രി ആനക്കയം പാലത്തിൽനിന്നു കടലുണ്ടിപ്പുഴയിൽ തള്ളി കൊലപ്പെടുത്തുകയായിരുന്നെന്നു വ്യക്തമായി.
കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞദിവസം പുഴയിലും കടലിലും പോലീസ് പരിശോധന നടത്തിയിരുന്നു.