കീർത്തി കാർമൽ ജേക്കബ്
വന്നവഴി മറക്കരുതെന്നാണല്ലോ… കഞ്ഞി ആവശ്യപ്പെട്ട് എത്തുന്നവർക്കെല്ലാം സൗജന്യമായി കഞ്ഞി വിളന്പിക്കൊടുക്കുന്ന മുഹമ്മദിനോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രധാനമായും പറഞ്ഞ മറുപടിയാണിത്. വന്നവഴി മറക്കാതിരുന്നാൽ മാത്രം പോരാ, സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ആശ്വാസമാവുകയും ചെയ്യണം. ഈ ചിന്തയാണ് ഹോട്ടൽ വെറൈറ്റിയിലേക്കും സൗജന്യമായി കഞ്ഞി എന്ന ആശയത്തിലേക്കും എന്നെ നയിച്ചത്. മുഹമ്മദ് കൂട്ടിച്ചേർത്തു.
കോഴിക്കോടു നിന്ന് 20 കിലോമീറ്റർ അകലെ വയനാട് റോഡിൽ കൊടുവള്ളി വെണ്ണക്കാട് എന്ന സ്ഥലത്താണ് ഹോട്ടൽ വെറൈറ്റി സ്ഥിതിചെയ്യുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ വരുമാനമാർഗമെന്നതിലുപരി ഒരു സേവനമാണ് പി .പി. മുഹമ്മദ് എന്ന അന്പത്തെട്ടുകാരന്.
വെറൈറ്റിയാണ് ഹോട്ടൽ വെറൈറ്റി
സാധാരണ രീതിയിൽ പ്രവർത്തിച്ചുപോരുന്ന ഹോട്ടലാണെങ്കിലും ഒരു പ്രത്യേകതയുണ്ട്, വെറൈറ്റി ഹോട്ടലിന്. അതിതാണ്. ഈ ഹോട്ടലിൽ കയറുന്ന ആർക്കും പണമില്ലാത്തതിന്റെ പേരിൽ ഭക്ഷണം കഴിക്കാതെ മടങ്ങേണ്ടി വരില്ല. പ്രത്യേകിച്ച് രോഗികൾക്ക്. വയറു നിറച്ച് കഞ്ഞിയും കറികളും കൊടുത്തേ മുഹമ്മദ്, തന്റെ ഹോട്ടലിൽ നിന്ന് അവരെ യാത്രയാക്കാറുള്ളൂ.
ഒന്നരവർഷം മുന്പ്, ഒരു പനിക്കാലത്ത്..
ഹോട്ടൽ തുടങ്ങിയിട്ട് മൂന്ന് വർഷമായെങ്കിലും ഒന്നരവർഷം മുന്പാണ് ഹോട്ടലിലെത്തുന്ന രോഗികൾക്കും അവശർക്കും ആവശ്യപ്പെട്ടാൽ സൗജന്യമായി കഞ്ഞി നൽകിത്തുടങ്ങിയത്. അതിന് കാരണവുമുണ്ട്. പനി പടർന്നുപിടിച്ച സമയത്ത് സമീപത്തെ കിംസ് ആശുപത്രിയിലെത്തുന്ന രോഗികൾ ഹോട്ടലിലെത്തിയിരുന്നു. അതിഭയങ്കര തിരക്കായിരുന്നു കുറേക്കാലത്തേക്ക്.
വരുന്നവരിൽ ഭൂരിഭാഗവും രോഗികളും അവശരുമായിരുന്നു. പണം കമ്മിയാണെന്നത് പലരുടെയും മുഖഭാവങ്ങളിലും ശരീരഭാഷയിലും വ്യക്തവുമായിരുന്നു. ആ സമയത്താണ് ഹോട്ടലിൽ വരുന്ന രോഗികൾക്ക്, അല്ലെങ്കിൽ അവരുടെ കൂട്ടിരിപ്പുകാർക്ക് ആവശ്യമെങ്കിൽ സൗജന്യമായി കഞ്ഞി കൊടുക്കാൻ തീരുമാനിച്ചത്.
അത് വളരെയധികമാളുകൾക്ക് അനുഗ്രഹമായതായി അറിഞ്ഞു. പിന്നീട് ഹോട്ടലിന് മുന്നിൽ ബോർഡും വച്ചു. കഞ്ഞി സൗജന്യമെന്ന്. ആവശ്യക്കാർ ധാരാളമെത്തി. എല്ലാവർക്കും കൊടുത്തു, ആവി പറക്കുന്ന ചൂട് കഞ്ഞിയും കറികളും. അവരുടെ വയറും എന്റെ മനസും നിറച്ചു. പിന്നീട് ബോർഡ് മാറ്റിയിട്ടില്ല.
ലാഭം വേണ്ട... വിശപ്പു മാറിയാൽ മതി
ഒരിക്കലും ലാഭത്തിനുവേണ്ടി ഹോട്ടൽ നടത്തിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സേവന മാർഗം കൂടിയാണ്. രോഗവും വേദനയും കൊണ്ട് ക്ഷീണിച്ച് കയറിവരുന്ന ആളുകൾ വയറുനിറച്ച് കഞ്ഞി കുടിച്ച് മടങ്ങുന്പോൾ അവരുടെ മുഖത്ത് വിരിയുന്ന നന്ദി നിറഞ്ഞ പുഞ്ചിരിയുണ്ട്. അതുമാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ.
ആവശ്യക്കാർ കുറവുള്ള സമയങ്ങളിൽ നേരത്തെ കഞ്ഞി തയാറാക്കി വയ്ക്കാറില്ല. ആരെങ്കിലും ചോദിച്ചെത്തിയാൽ പത്ത് മിനിട്ട് ഇരിക്കാൻ ആവശ്യപ്പെട്ടശേഷം കഞ്ഞി തയാറാക്കി നൽകും. രോഗികളുടെ കൂടെയെത്തുന്ന കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ അവർക്കും കൊടുക്കും സൗജന്യമായി കഞ്ഞി.
ഹോട്ടലിലെ ബാക്കിയെല്ലാ ഭക്ഷണ വിഭവങ്ങൾക്കും ന്യായമായ പണം ഈടാക്കാറുമുണ്ട്. ഒൗട്ട് ഡോർ സേവനങ്ങൾ കുറവാണെങ്കിലും ആവശ്യപ്പെട്ടാൽ ഓർഡർ അനുസരിച്ച് ഭക്ഷണം എത്തിക്കുകയും ചെയ്യും. പാർട്ണർമാരൊന്നുമില്ലാതെ ഒറ്റയ്ക്കാണ് ഹോട്ടൽ നടത്തുന്നത്. രണ്ട് സഹായികളുമുണ്ട്.
സുമനസുകളുടെ സമീപനം
നിരവധിയാളുകൾ എന്റെയീ സേവനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് സമീപിക്കാറുണ്ട്. സമീപവാസികളും മറ്റ് ബിസിനസുകൾ നടത്തുന്നുവരും തുടങ്ങി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ വരെ സൗജന്യമായി കഞ്ഞി കൊടുക്കുന്ന വിവരമറിഞ്ഞ് സഹായങ്ങളും സംഭാവനകളും വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ സ്നേഹത്തോടെ അതെല്ലാം നിരസിക്കുകയാണ് പതിവ്. ആരിൽ നിന്നും സംഭാവനകളോ ഫണ്ടോ വാങ്ങാറില്ല.
പിന്തുണ കുടുംബത്തിന്റെ വക
രോഗികൾക്കും അവശർക്കും മുഹമ്മദ് നൽകുന്ന ഈ സേവനത്തിൽ അതീവ സംപൃപ്തരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. ഭാര്യയും നാലു മക്കളും മരുമക്കളുമെല്ലാം പൂർണപിന്തുണയുമായി കൂടെയുണ്ട്. ജീവിക്കാനായി ഒത്തിരി പൊരുതിയിട്ടുണ്ട്. കടവും കടത്തിന്മേൽ കടവുമായി ധാരാളം അലയേണ്ടിയും വന്നിട്ടുണ്ട്.
പിന്നീട് പടിപടിയായാണ് പിടിച്ചുനിൽക്കാമെന്ന അവസ്ഥയിലായത്. ഈയവസരത്തിൽ നമുക്കുള്ള സൗകര്യങ്ങളുടെ എളിയ പങ്ക് ഇല്ലാത്തവർക്കുകൂടി പങ്കുവയ്ക്കുന്നത് നല്ലൊരു കാര്യമല്ലേ. അതാണ് ഞാൻ പറഞ്ഞത്, വന്ന വഴി മറക്കരുതല്ലോയെന്ന്. അത് വീട്ടുകാർക്കും നന്നായറിയാം. പിന്നെ, ഇതിന്റെയൊക്കെ പുണ്യം അവർക്കും കൂടിയല്ലേ, മക്കൾക്ക് മാതൃകയാക്കുകയുമാവാം- മുഹമ്മദ് പറയുന്നു.