ഒറ്റപ്പാലം: സാമൂഹ്യ മാധ്യമങ്ങളിൽ സമൂഹത്തിനുനേരെ വിരൽചൂണ്ടുന്ന കൈകൾ അപകടങ്ങളിൽ കൈതാങ്ങാകുന്നില്ലെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പി.കെ ദാസ് ഹോസ്പിറ്റലും പാലക്കാട് ജില്ലാ ട്രോമാകെയറും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയർ ഒന്നാം വാർഷികവും വളണ്ടിയർ പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
അപകടത്തിനും ആശുപത്രികളിലെ കാഷ്വാലിറ്റി സേവനത്തിനും ഇടയിലുള്ള സമയത്തിന്റെ വില അറിയാത്തവരല്ല നമ്മൾ മലയാളികൾ. എന്നാൽ രക്ഷപ്പെടുത്തൽ എന്ന കടമയെക്കാൾ വീഡിയോ എടുത്തു വാർത്തകളിൽ നിറയ്ക്കാനാണ് ഇന്ന് പലർക്കും താല്പര്യം.
അപകടങ്ങളിൽ നിസംഗരാകുന്ന ഒരു ജനതയായി വിദ്യാസന്പന്നരായ നാം പലപ്പോഴും മാറുന്നു എന്നതാണ് സമകാലീക കേരളത്തിൽ കാണുന്നത്. ഇതിനൊരു മാറ്റം വരണം. ശരിയായ ഫസ്റ്റ്എയ്ഡ് നൽകാൻ കഴിയുന്ന തരത്തിൽ രക്ഷാപ്രവർത്തനത്തിനു ഉതകുന്ന ഒരു സംസ്കാരം നാം ഉരുത്തിരിച്ചെടുക്കണം. എംഎൽഎ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ജീവൻ രക്ഷാ പ്രവർത്തനത്തിലും റോഡ് സുരക്ഷയിലും വിദഗ്ദർ ക്ലാസുകൾ എടുത്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ശിവരാമൻ അധ്യക്ഷത വഹിച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.പി കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ട്രോമാ കെയറിന്റെ രക്തദാന സംഘത്തിന്റെ ലോഗോ പ്രകാശനം പാലക്കാട് എൻഫൊഴ്സ്മെൻറ് ആർടിഒ ശിവകുമാർ നിർവഹിച്ചു. പി.കെ ദാസ് ആശുപത്രിയിലെ പൂമുഖത്ത് ഒരു ഡോക്ടർ പദ്ധതിയുടെ ഉദ്ഘാടനം വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭാസ്കരനും ആക്സിഡന്റ് കോൾ സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യ ടീച്ചറും നിർവഹിച്ചു.
പി.കെ ദാസ് ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടർ ഓഫ് ഓപറേഷൻസ് ഡോ.ആർ.സി കൃഷ്ണകുമാർ, ജില്ലാ ഫയർ ഓഫീസർ അരുണ് ഭാസ്കർ, ഒറ്റപ്പാലം ജോയിൻറ് ആർ.ടി.ഒ മോഹനൻ, ഒറ്റപ്പാലം എംവിഐ രാജീവ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഗോപകുമാരൻ കർത്ത,ട്രോമാ കെയർ ജനറൽസെക്രട്ടറി കെ.പി പ്രതീഷ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ജമാൽ, ട്രോമാ കെയർ പ്രസിഡന്റ് ഡോ.ഷാജു തോമസ്, ജില്ലാ കോ- ഓർഡിനേറ്റർ ഷമീർ പട്ടാന്പി തുടങ്ങിയവർ സംസാരിച്ചു.