നരിക്കുനി: മടവൂര്‍ സ്വദേശി മുഹമ്മദ് 37 വര്‍ഷത്തെ ഇടവേളക്ക് ശേഷം കുടുംബവുമായി കൂടിച്ചേര്‍ന്നു. മടവൂര്‍ സ്വദേശി വയില്‍ പീടിയില്‍ മുഹമ്മദിനാണ് ഫേസ് ബുക്ക് വഴിയുള്ള അന്വേഷണം സ്വന്തം കുടുംബത്തെ തിരിച്ച് കിട്ടിയത്. 1982 ലാണ് അവസാനം നാട്ടില്‍ വന്നത്. അന്ന് ഭാര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.
പിന്നീട് 37 വര്‍ഷമായി മുഹമ്മദിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. മുഹമ്മദ് നേരത്തെ കച്ചവടം ചെയ്തിരുന്ന ഹുബ്ലിയില്‍ കുടുംബാംഗങ്ങളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും മുഹമ്മദ് അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ പിതാവിനെ കാണാത്ത മകളക്കം രണ്ട് പെണ്മക്കളുടെയും മകന്റേയും മൂന്ന് പേരക്കുട്ടികളുടെയും വിവാഹം മുഹമ്മദ് അറിയാതെ നടന്നു.
ഇതിനിടയിലാണ് വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയുടെ ബീജാപൂര്‍ അതിര്‍ത്തിയില്‍ അത്തനി എന്ന സ്ഥലത്ത് എം.എസ് ബേക്കറി നടത്തുന്ന പട്ടാമ്പി സ്വദേശി റയീസ് , മുഹമ്മദില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നത്. ആദ്യം വൈമനസ്യം കാണിച്ചെങ്കിലും പിന്നീട് കൃത്യമായ വിവരങ്ങള്‍ നല്കി. റയീസിനോട് മടവൂര്‍ ദര്‍ഗ പരിസരത്താണ് വീടെന്നുമുള്ള കാര്യവും പറഞ്ഞിരുന്നു.
ഇത് വെച്ച് ആരെയെങ്കിലും ഒരാളെ ബന്ധപ്പെടാനായി ശ്രമിക്കുന്നതിനിടെയാണ് റഈസിന് “നരിക്കുനി വാര്‍ത്തകള്‍’ ഫേസ്ബുക് പേജിൽ നിന്നും അഡ്മിനും പത്ര പ്രവർത്തകനുമായ സൈനുൽ ആബിദിന്റെ ഫോൺ നമ്പർ ലഭിക്കുന്നത്.
ഇതാണ് വഴിത്തിരിവായത് . പിന്നീട് സൈനുൽ ആബിദുമായി വാട്സാപ്പിൽ വിവരങ്ങൾ കൈമാറി . കൂടെ അവിടെ ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ അയാൾ അറിയാതെ എടുത്ത കുറച്ചു ഫോട്ടോകളും.
വിവരങ്ങളെല്ലാം പൂർണമായി കിട്ടിയതോടെ ബെൽഗാമിലേക്ക് കൈമാറി. റഈസിന് മുഹമ്മദിനെ കുടുംബത്തെ കണ്ടെത്തി ഏല്പിച്ചു ഇനിയുള്ള കാലം സമാധാനത്തോടെ കുടുംബത്തോടൊപ്പം താമസിപ്പിക്കണമെന്ന വാശിയായിരുന്നു . ഇതിനിടക്ക് മുഹമ്മദ് ബെൽഗാമിൽ ഉണ്ടെന്ന കാര്യവും ഫോട്ടോയും മക്കളിലും എത്തി. എല്ലാ വിവരങ്ങളും മക്കൾക്കു കൈമാറി .
തുടര്‍ന്ന് അയല്‍ വാസിയും കുടുംബ സുഹൃത്തുമായ ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരും മുഹമ്മദിന്റെ മക്കളും സഹോദരനും കൂടി അത്തനിയില്‍ എത്തുകയായിരുന്നു. ആദ്യമൊക്കെ അറിയാത്ത ഭാവം നടിച്ചെങ്കിലും പിന്നീട് വീട്ടിലേക്ക് തിരികെ വരാനുള്ള സഹോദരന്റേയും മക്കളായ സാബിറയുടെയും ഫൗസിയയുടെയും സ്നേഹപൂര്‍വമായ അഭ്യര്‍ഥനക്ക് വഴങ്ങുകയായിരുന്നു. ഇതിനിടെ ഗള്‍ഫിലുള്ള മുത്ത മകന് ഫൈസലും ഫോണിലൂടെ നിര്‍ബന്ധിച്ചതോടെ മുഹമ്മദ് പുറപ്പെടാന്‍ തയാറായി.