എംജെ ശ്രീജിത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതി നസീം അഞ്ചു വർഷത്തിനിടെ റീ അഡ്മിഷൻ എടുത്തത് മൂന്നു തവണ. 28 വയസുകാരനായ നസീം ഇപ്പോഴും യുണിവേഴ്സിറ്റി കോളേജിലെ എം.എ ഫിലോസഫി വിദ്യാർഥിയാണ്. റീ അഡ്മിഷൻ എന്ന പഴുതു ഉപയോഗിച്ചാണ് നസീമിനെ പോലുള്ളവർ യൂണിവേഴ്സിറ്റി കോളേജിലെ നേതാവായി വിലസുന്നത്. ആവശ്യമായ ഹാജരില്ലെന്നും പഠിക്കുന്ന വിഷയങ്ങളിൽ ഏതെങ്കിലും പരീക്ഷ പാസായില്ലെന്നും ചൂണ്ടിക്കാട്ടി കോളജ് കൗൺസിലിന് അപേക്ഷ നൽകും.
കോളജ് കൗൺസലാണ് റീ അഡ്മിഷൻ അനുവദിക്കുന്നത്. പ്രിൻസിപ്പൽ അടങ്ങുന്ന അധ്യാപകരുൾപ്പെട്ട ബോഡിയാണ് കൗൺസിലുള്ളത്. പ്രിൻസിപ്പലിന്റെ അധികാരത്തിന്റെ തണലിലാണ് റീ അഡ്മിഷൻ നടക്കുന്നത്. കോളജ് പ്രൻസിപ്പലിന് റീ അഡ്മിഷൻ കാര്യത്തിൽ തീരുമാനമെടുക്കാമെന്നതിനാൽ ഇവർ എത്രവർഷം വേണമെങ്കിലും പഠിക്കാമെന്ന അവസ്ഥയാണ്. നിലവിൽ പഠിക്കുന്ന വിഷയം ക്യാൻസൽ ചെയ്ത ശേഷം പുതിയതായി അഡ്മിഷൻ എടുത്ത് പഠിക്കുന്നതിനാൽ വീണ്ടും അവർക്ക് കോളജിൽ നേതാവായി തുടരാം.
നസീമിനോടൊപ്പം പഠിച്ചിരുന്ന പല വിദ്യാർഥികളും പഠനം പൂർത്തിയായി കോളജ് വിട്ടിട്ടും നസീം ഇപ്പോഴും യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയാണ്. നസീമിനെപ്പോലെ നിരവധി പേർ കേരള യൂണിവേഴ്സിറ്റിയുടെ ഈ അനുകൂല്യം ഉപയോഗിച്ചു യൂണിവേഴ്സിറ്റിയിൽ പഠിച്ചു പുറത്തു പോകുകയും ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയുമാണ്.
എസ്എഫ്ഐയുടെ ഉരുക്കു കോട്ടയെന്ന് അറിയപ്പെടുന്ന യൂണിവേഴ്സിറ്റി കോളജിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഈ കുട്ടി നേതാക്കൻമാർ തന്നെയാണ്. സിപിഎമ്മിന്റേയും എസ്എഫ്ഐയുടേയും കോളജിലെ സ്വാധീനം നഷ്ടപെടാതിരിക്കാൻ പാർട്ടി തന്നെ മുൻകൈയ് എടുത്താണ് ഇവരെ വിദ്യാർഥികൾ എന്ന ലേബലിൽ ഇവിടെ തുടരാൻ അനുവദിക്കുന്നത്. അതിന് കോളജിലെ അധ്യാപക -അനധ്യാപകരുടെ പിന്തുണയുമുണ്ട്.
ഒരു കാലഘട്ടം കഴിയുന്പോൾ അടുത്തവരെ ഇതേ മാനദണ്ഡത്തിൽ വീണ്ടും ഇതേ രീതിയിൽ പഠിപ്പിക്കും. ഇതുകാരണം ഒരിക്കലും കോളജിന്റെ നിയന്ത്രണം സംഘടനയ്ക്ക് നഷ്ടമാകില്ല. ഇതുകാരണം മറ്റു വിദ്യാർഥി സംഘടനകൾക്ക് ഇവിടേയ്ക്ക് കടന്നു ചെല്ലാനോ അധിപത്യം സ്ഥാപിക്കാനോ കഴിയില്ല. കോളജിലെ സൂപ്പർ പവറായി ഇവർ വിലസുന്നതിന് കാരണവും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണ തന്നെ. ഇതു ചോദ്യം ചെയ്യുന്നവർ സ്വന്തം പാർട്ടിയുള്ളവരാണെങ്കിൽ പോലും അടിച്ച് ഒതുക്കുകയാണ് പതിവ്.
എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ കുത്തിപരിക്കേൽപ്പിക്കാൻ കാരണവും ഇതു തന്നെയാണ്. അഖിലിന്റെ നേതൃത്വത്തിൽ കോളജിൽ മറ്റൊരു ഗ്രൂപ്പ് രൂപപ്പെട്ടതും ശിവരഞ്ജിത്തിന് അഖിലിനോടുള്ള വ്യക്തി വൈരാഗ്യവുമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് ഭീഷണിയും മാനസിക സമ്മർദ്ദവും ഉണ്ടായതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. യൂണിവേഴ്സിറ്റി കോളജിൽ നടന്ന കൊലപാതകശ്രമത്തിനു പിന്നാലെ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്നാണ് പോലീസ് വീണ്ടും മൊഴിയെടുക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന നിഖിലയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യാശ്രം. ഇന്റേണൽ പരീക്ഷയുടെ തലേ ദിവസം ജാഥയിൽ പങ്കെടുക്കാൻ എസ്എഫ്ഐക്കാർ നിർബന്ധിച്ചുവെന്നും ഇതിനെ എതിർത്തതിനെത്തുടർന്ന് പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നിഖില പറഞ്ഞിരുന്നു.