പഴയന്നൂർ\തിരുവില്വാമല : പഴയന്നൂർ എക്സൈസ് റേഞ്ചിലെ പാന്പാടിയിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന ഒന്നരകിലോയോളം കഞ്ചാവ് പിടികൂടി. ആലുവ കടുങ്ങല്ലൂർ ഏലൂക്കര സ്വദേശിയായ കാട്ടിപ്പറന്പിൽ മുഹമ്മദ് റാഫിയെയാണ് കഞ്ചാവുമായി പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ ഈറോഡ്, നാമക്കൽ, മേട്ടുപ്പാളയം എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങി വിൽപനക്കായി കൊണ്ടുവന്നിരുന്നത്.
6000 രൂപയ്ക്ക് തമിഴ്നാട്ടിൽനിന്നും വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് വില്പന നടത്തിവന്നിരുന്നത്. ഒരു കിലോ കഞ്ചാവ് വിൽപന നടത്തിയാൽ ഉദ്ദേശം 25,000 രൂപ ലാഭം കിട്ടുമെന്ന് ഇപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഏറ്റവും മുന്തിയ ഇനം നീലച്ചടയൻ വിഭാഗത്തിൽപെട്ട കഞ്ചാവാണ് പ്രതിയിൽനിന്നും പിടികൂടിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പാന്പാടി, തിരുവില്വാമല പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടന്നുവരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കഴിഞ്ഞവർഷം കഞ്ചാവുമായി പാലക്കാട് എക്സൈസ് കേസെടുത്തിരുന്നു.
തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.കെ.നാരായണൻകുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ അസി. എക്സൈസ് കമ്മീഷണർ ഷാജി എസ്. രാജന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ടി.ജെ.രഞ്ജിത്ത്, പി.ആർ.സുരേന്ദ്രൻ, എം.വി.ബിനോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ്.ജിദേഷ്കുമാർ, കെ.വിനോദ്, എസ്.ഷിജു, എൻ.ഷമീർ, ആർ.രതീഷ്കുമാർ, പ്രശോഭ്, പ്രവീണ്, കെ.എം.ഉസ്മാൻ, സ്മിത എന്നിവരുമുണ്ടായിരുന്നു.