അമ്പലപ്പുഴ: തകർന്നു വീഴാറായ വീട്ടിൽ ഭീതിയോടെ വൃദ്ധ ദമ്പതികൾ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പി.ബി. ജംഗ്ഷന് സമീപം ലക്ഷംവീട് കോളനിയിൽ മുഹമ്മദും (90) ഭാര്യ റംലത്തു ( 60 )മാണ് ജീവൻ പണയം വെച്ച് ഈ വീട്ടിൽ കഴിയുന്നത്.
12 വർഷം മുമ്പ് സർക്കാരിന്റെ എംഎൻ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടാണിത്. നാലു വർഷം മുമ്പുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ തറകളും മുറികളുടെ ഭിത്തികളും വിണ്ടു കീറി.
ഇതിനു ശേഷം രണ്ട് പ്രളയവും കൂടി വന്നതോടെ വീട് വീണ്ടും അപകടാവസ്ഥയിലായി. ജില്ലാകളക്ടർക്കും പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളിലും പല തവണ പരാതി നൽകിയിട്ടും വീടിന്റെ അറ്റകുറ്റപ്പണിക്കുപോലും ഇതുവരെ തുക കിട്ടിയിട്ടില്ലെന്ന് ഇവർ പറയുന്നു.
മുഹമ്മദിന് കിട്ടുന്ന വാർധക്യകാല പെൻഷൻ മാത്രമാണ് മക്കളില്ലാത്ത ഈ കുടുംബത്തിന്റെ ഏക വരുമാനം. ഇതിൽ നിന്നാണ് പൊട്ടിയ ഭിത്തികളുടെ തകരാറ് താൽക്കാലികമായെങ്കിലും പരിഹരിച്ചത്.
കനത്ത കാറ്റിലും മഴയിലും ഭീതിയോടെയാണ് ഈ വൃദ്ധ ദമ്പതികൾ ഇവിടെ കഴിയുന്നത്. ലൈഫ് പദ്ധതിയിൽ ഇപ്പോൾ അപേക്ഷ നൽകിയിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് ഈ വൃദ്ധ ദമ്പതികൾ ഇപ്പോൾ.