തുറവൂർ: രാജ്യത്തിന്റെ മഹത്തായ മതനിരപേക്ഷ പാരന്പര്യം തകർത്ത് മതാധിഷ്ഠിത രാഷ്ട്ര നിർമാണത്തിനാണ് സംഘപരിവാർ പരിശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. ആർഎസ്എസ് ഭരണഘടനയെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത സംഘടനയാണ്.
എല്ലാക്കാലത്തും ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചാണ് ഇക്കൂട്ടർ രാഷ്ട്രീയ ലാഭമുണ്ടാക്കിയത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനവും മതനിരപേക്ഷതയും തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇടതുപക്ഷം പ്രതിരോധിക്കുമെന്നും റിയാസ് പറഞ്ഞു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.എം. അനസ് അലി അധ്യക്ഷതവഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.എം. ആരിഫ് എംഎൽഎ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ രാജേഷ് എംഎൽഎ, രക്തസാക്ഷി പ്രമേയവും കെ.ടി. മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജു സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി മനു സി പുളിക്കൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി പി റജീന, എസ് കെ സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിപിൻ സി ബാബു, കെ സുമ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും.