പ്രബൽ ഭരതൻ
കോഴിക്കോട്: ജോലിയിൽനിന്നും വിരമിച്ചയുടൻ മതസ്പർധ വളർത്തുന്ന തരത്തിൽ സംസാരിച്ച മുൻ ഡിജിപി ടി.പി. സെൻകുമാർ ആർഎസ്എസ് പ്രചാരകനായി മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. വർഷങ്ങളായി ആർഎസ്എസ് പ്രചരിപ്പിക്കുന്ന വിഷയമാണ് സെൻകുമാർ ഏറ്റുപിടിച്ചത്. സർക്കാർ രേഖകൾ പരിശോധിക്കാതെയാണ് സെൻകുമാർ പ്രസ്താവന നടത്തിയതെന്നും മുഹമ്മദ് റിയാസ് “രാഷ് ട്രദീപിക’യോട് പറഞ്ഞു.
കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് പരിശോധിച്ചാൽ ഇത് വ്യക്തമാകും. കഴിഞ്ഞ വർഷങ്ങളിലെ വളർച്ചാ നിരക്ക് സർക്കാർ രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകൾ പ്രകാരം ജനസംഖ്യാ വളർച്ചാ നിരക്കിൽ മുസ്ലിം വിഭാഗം പിറകോട്ട് പോവുകയാണുണ്ടായതെന്നും റിയാസ് പറഞ്ഞു. ഇനി അഥവാ ഒരു വിഭാഗം കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്കിൽ മുന്നിലാണെങ്കിൽ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥതലത്തിൽനിന്നും വിരമിച്ചയാൾ ഇത്തരം പരാമർശം നടത്തുന്നത് ശരിയല്ല.
കേരളം പോലുള്ള സംസ്ഥാനത്ത് മതസ്പർധയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനേ എത്തരം പ്രസ്ഥാവനകൾക്ക് സാധിക്കുകയുള്ളൂ. മതസ്പർധ വളർത്തി ആർഎസ്എസിന്റെ പ്രീതി പിടിച്ചുപറ്റാനാണ് സെൻകുമാർ ഈ പ്രസ്താവന നടത്തിയതെന്നും റിയാസ് പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചുള്ള പരാമർശമാണിത്. രാജ്യത്താകെ ആർഎസ്എസ് പ്രവർത്തകർ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.
മോദി സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നടത്തുന്ന ജനവിരുദ്ധ ഭരണത്തിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ആർഎസ്എസ് വർഗീയത ഇളക്കിവിടുന്നത്. ബിജെപി അധികാരത്തിൽ കയറുന്പോൾ പറഞ്ഞ ഒരു കാര്യവും ഇതേവരെ നടപ്പാക്കിയിട്ടില്ല. രാജ്യത്ത് തൊഴിലില്ലായ്മയും മറ്റും രൂക്ഷമായി നിലനിൽക്കുന്പോൾ അതിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ആർഎസ്എസ് ഇത്തരം പ്രചാരണം നടത്തുന്നത്.
ഉത്തരേന്ത്യയിൽ സർക്കാർ ഉദ്യോഗസ്ഥരും പോലീസ് മേധാവികളും സർവീസിൽ ഇരിക്കുന്പോൾ തന്നെ ഇത്തരം പരാമർശം നടത്താറുണ്ട്. എന്നാൽ വർഗീയത ആര് പ്രചരിപ്പിച്ചാലും കേരളം ഭരിക്കുന്ന സർക്കാർ നടപടിയെടുക്കുമെന്ന് ഇപ്പോൾ വീണ്ടും തെളിഞ്ഞെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വാരികയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് സെൻകുമാർ വിവാദ പ്രസ്താവന നടത്തിയത്.