മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഒറന്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പാണ്ടിക്കാട് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷം ഉണ്ടായത്.
അക്രമത്തിൽ കുത്തേറ്റ സമീറിനെ പെരിന്തൽമണ്ണ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മൂന്നോടെ മരണപ്പെട്ടു. പ്രദേശത്ത് രാഷ്ട്രീയസംഘർഷം നിലനിന്നിരുന്നു.
യുഡിഎഫ്-എൽഡിഎഫ് തമ്മിൽ സംഘർഷം നിലനിന്നിരുന്നെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ടു പ്രശ്നം പരിഹരിച്ചിരുന്നു.
എന്നാൽ ഇന്നലെ രാത്രിയിൽ അങ്ങാടിയിൽ വീണ്ടും അടിപിടി ഉണ്ടാവുകയും ലീഗ് പ്രവർത്തകന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു. ഇത് കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന മുഹമ്മദ് സമീർ ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ അക്രമം നടത്തുകയായിരുന്നു.
അതേസമയം രാഷ്ട്രീയ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎമ്മാണ് സംഘര്‍ഷത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു. എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സിപിഎം പറയുന്നു.
സംഘർഷത്തിൽ പങ്കെടുത്തവരെല്ലാം രണ്ട് കുടുംബങ്ങളിൽ പെട്ടവരാണെന്നും അവർ പറയുന്നു. സംഭവത്തിൽ നാലുപേരെ മേലാറ്റൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ മുഹമ്മദ് സമീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി ബന്ധു മാധ്യമങ്ങൾക്കു മുന്നിലെത്തി.