ഈ വർഷത്തെ ബാലണ്‍ ഡി ഓറിനുള്ള ആരാധകരുടെ വോട്ടിംഗിൽ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലൂക്ക മോഡ്രിച്ചിനെയും പിന്തള്ളി മുഹമ്മദ് സല ഒന്നാമത്. 51 ശതമാനം വോട്ടാണ് സലയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനത്ത് എത്തിയ മെസിക്ക് 30 ശതമാനം വോട്ട് ലഭിച്ചു. ബാലൻ ഡി ഓർ ആരുനേടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നതെന്ന ചോദ്യമാണ് ഫ്രഞ്ച് ഫുട്ബോൾ മുന്നോട്ടുവച്ചത്.
അതേസമയം, അഞ്ച് തവണ ലോക ഫുട്ബോളർ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ച് ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ, പാരി സാൻ ഷെർമയ്ന്റെ ബ്രസീൽ താരം നെയ്മറിന് മൂന്നു ശതമാനവും.
യൂറോപ്യൻ ഫുട്ബോൾ, ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയ റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിനും ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ പ്രധാനിയായ കൈലിയൻ എംബാപ്പെയ്ക്കും രണ്ട് ശതമാനം വോട്ടാണ് ലഭിച്ചത്. ആൻത്വാൻ ഗ്രീസ്മാൻ, ഇവാൻ റാക്കിറ്റിക്, ഏഡൻ ഹസാർഡ്, റാഫേൽ വരേൻ എന്നിവർക്ക് ഒരു ശതമാനം വോട്ട് ലഭിച്ചു.