ഡാകർ: ഈജിപ്ഷ്യൻ താരം മുഹമ്മദ് സല തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം സ്വന്തമാക്കി. സെനഗലിന്റെ ലിവർപൂൾ താരം സാദിയോ മാനെ, ആഴ്സണലിന്റെ ഗാബോണ്‍ സ്ട്രൈക്കർ എംറിക് ഒൗബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലയുടെ പുരസ്കാരനേട്ടം.
സെനഗലിലെ ഡാകറിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ച പുരസ്കാര ജേതാവിനുള്ള പുരസ്കാരം സല ഏറ്റുവാങ്ങി. കുട്ടിയായിരുന്നപ്പോൾ മുതൽ സ്വപ്നം കണ്ടിരുന്ന പുരസ്കാരം രണ്ടുവട്ടം നേടാൻ കഴിയുന്നത് സന്തോഷിപ്പിക്കുന്നെന്ന് സല പറഞ്ഞു. 2017-18 സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ സല അടിച്ചുകൂട്ടിയിരുന്നു. റഷ്യൻ ലോകകപ്പിലും സല ഈജിപ്തിനായി ലക്ഷ്യം കണ്ടു.
ഇതോടെ, തുടർച്ചയായി രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം നേടുന്നതിൽ ഐവറികോസ്റ്റിന്റെ യായ ടുറെ, കാമറൂണിന്റെ സാമുവൽ എറ്റു, സെനഗലിന്റെ എൽഹാദി ദിയോഫ് എന്നിവർക്കൊപ്പം സല എത്തി.