കാസർഗോഡ്: യുഎഇയിലെ ജോലിസ്ഥലത്ത് നിന്ന് കുടുംബവുമായി യെമനിലേക്ക് കടന്ന തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഷബീറിന്റെ വീഡിയോ സന്ദേശം പുറത്ത്.
താൻ യെമനിലേക്ക് വന്നത് സൂഫിസവും അറബിക്കും പഠിക്കാനാണെന്നും യാത്രയ്ക്ക് മറ്റ് ഉദ്ദേശങ്ങളില്ലെന്നും ഷബീർ വ്യക്തമാക്കി.
തരീം മേഖലയിലെ ദാറുൽ മുസ്തഫ ക്യാന്പസിലാണ് താനുള്ളതെന്നും വിസാ നടപടികൾ കൃത്യമായി പാലിച്ചാണ് യെമനിൽ എത്തിയതെന്നും ഷബീർ അറിയിച്ചു.
യെമനിൽ പോയത് കുടുംബാംഗങ്ങളെ അറിയിച്ചാണ്; ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ട്. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീർ കൂട്ടിച്ചേർത്തു.
ഷബീർ, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കൾ എന്നിവരെ നാല് മാസമായി കാണാനില്ലെന്നും ഇവർ സംശയാസ്പദമായ സാഹചര്യത്തിൽ യെമനിലേക്ക് കടന്നെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കാസർഗോഡ് പടന്ന സ്വദേശികളായ രണ്ട് പേരും യെമനിലേക്ക് കടന്നതായി വിവരമുണ്ട്.
ഇന്ത്യക്കാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ യെമനിലേക്ക് ഇവർ പോയത് ഗൗരവമുള്ള വിഷയമായി കണക്കാക്കിയാണ് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നത്.
ഷബീറും കുടുംബവും ഭീകരവാദ പ്രവർത്തനങ്ങൾ ആകൃഷ്ടരായിയാണ് യെമനിൽ എത്തിയതെന്ന വാദത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.