ചങ്ങരംകുളം: തിരക്കേറിയ ചങ്ങരംകുളം ജംഗ്ഷനില്‍ യുവാവിന്റെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് എസ്ഐ മാരും പോലീസുകാരും ഉള്‍പ്പെടെ മൂന്നുപേരെ കടിച്ച് മുറിവേല്പിച്ച യുവാവിനെ ഏറെ നേരത്തിനുശേഷം പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി.
കൊണ്ടോട്ടി അരിയമ്പ്ര മൊറയൂര്‍ സ്വദേശി മഞ്ചേരിത്തൊടി ഹൗസില്‍ മുഹമ്മദ് ഷാഫി(24)ക്കെതിരെ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും അസഭ്യം പറയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനും കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ നടന്നത്.
സിപിഎം റാലിക്കിടെ ചങ്ങരംകുളത്ത് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഓട്ടോ വിളിക്കാനെത്തിയ യുവാവ് ഓട്ടോക്കാരനുമായി തര്‍ക്കത്തിലായി.
പിന്നീട് ഓട്ടോക്കാരനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതോടെ പോലീസ് ഇടപെട്ടെങ്കിലും യുവാവ് പോലീസിനുനേരെ തിരിഞ്ഞു. ചങ്ങരംകുളം എസ്ഐ ബാബുരാജിനെ അസഭ്യം പറഞ്ഞ യുവാവ് ബാബുരാജിനെ അക്രമിച്ചു.
തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പോലീസിനെയും എസ്ഐ വിജയകുമാറിനെയും നാട്ടുകാരെയും യുവാവ് അക്രമിച്ചു.
ഏറെ നേരത്തെ ശ്രമത്തിനുശേഷം യുവാവിനെ കീഴ്പ്പെടുത്തിയെങ്കിലും ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ മാരായ വിജയകുമാര്‍(53), ബാബുരാജ്(56), തെരഞ്ഞടുപ്പ്് ഡ്യൂട്ടിക്കെത്തിയ കര്‍ണാടക പോലീസിലെ മല്ലയ്യ മധുപതി (26) എന്നിവരെ യുവാവ് കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ടൂറിസ്റ്റ് ബസ്സിലും ലോറിയിലും ഡ്രൈവറായി പോകുന്ന ഇയാള്‍ ചങ്ങരംകുളത്തിനടുത്ത് കോലളമ്പ് കോലത്ത് ആണ് താമസമെന്നും പതിവായി മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പോലീസ് പറഞ്ഞു.