തലശേരി: ഡൽഹിയിൽ ജീവനൊടുക്കിയ യുവ പൈലറ്റിന്റെ മൃതദേഹം അരയിൽ ചങ്ങല ഇട്ട് കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച നിലയിലും വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ട്.
എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ പെരിങ്ങത്തൂർ കരിയാട് പുതുശേരി പള്ളിക്കു സമീപം സംസം വീട്ടിൽ മുഹമ്മദ് ഷാഫി (31) യുടെ മൃതദേഹമാണ് ഇരുകൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ച നിലയിലാണ് ഉണ്ടായിരുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുളളത്.
ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ നിന്ന് മൃതദേഹത്തിന്റെ ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറിയിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട ദില്ലിയിലെ ദ്വാരക സെക്ടറിലെ ഫ്ലാറ്റ് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും വാതിലുകളും ജനലുകളും ഉൾപ്പെടെ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നുവെന്നും ഫയർ ഫോഴ്സ് എത്തി വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.
വാതിൽ തകർത്ത് മൃതദേഹം കണ്ടെത്തിയതും ഇൻക്വസ്റ്റ് നടപടികളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും പോലീസ് വീഡിയോയിൽ പകർത്തിയതായും അറിയുന്നു.
വിഷം കഴിച്ച ശേഷം ഷാഫി സ്വന്തം നിലയിൽ ചങ്ങല കൊണ്ട് ശരീരം ബന്ധിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഷാഫിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു ബന്ധുക്കൾക്ക് ആദ്യം ലഭിച്ച വിവരം.
എന്നാൽ, വിഷം ഉള്ളിൽ ചെന്നാണ് ഷാഫി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിനിടയിൽ മേലുദ്യോഗസ്ഥനിൽ നിന്നും ഷാഫിയുൾപ്പെടെയുള്ള പല പൈലറ്റുമാർക്കും കടുത്ത പീഡനം ഉണ്ടായിരുന്നതായി ഷാഫിയുടെ സഹപ്രവർത്തകർ വ്യക്തമാക്കുന്നു.
ഉന്നത ഉദ്യോഗസ്ഥന്റെ പീഡനം സംബന്ധിച്ച് തമിഴ്നാട് സ്വദേശിയായ പൈലറ്റിന്റെ വോയ്സ് ക്ലിപ്പും പുറത്തു വന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസും എയർഇന്ത്യയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളൂ. ഞായറാഴ്ചയാണ് ഷാഫിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉന്നത ഉദ്യോഗസ്ഥൻ ഷാഫിയെ അന്താരാഷ്ട്ര പറക്കലിൽ നിന്നും ഡിസ്കോളിഫൈ ചെയ്യുകയും ശന്പളം നൽകാതിരിക്കുകയും സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തതായാണ് ഷാഫിയെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.
ഇന്ന് രാവിലെ ഒമ്പതോടെ എയർ ഇന്ത്യ വിമാനത്തിൽ കണ്ണൂരിലെത്തിച്ച റാഫിയുടെ മൃതദേഹം കരിയാട് വീട്ടിലെത്തിച്ച ശേഷം കബറടക്കി.