കുണ്ടറ: വിദേശത്തുനിന്ന് നാലുദിവസം മുന്പ് നാട്ടിലെത്തിയ മൊതീൻമുക്ക് കുളത്തുംകര തെങ്ങുപണയിൽ വീട്ടിൽ ഷഹാലുദീന്റെ മകൻ മുഹമ്മദ് ഷാഫിയെ (28) കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും സിപിഎം നേതാവുമായ ആലുംമൂട് അണ്ണാച്ചിമുക്ക് കല്ലുവിളവീട്ടിൽ ലാലുവാണ് അറസ്റ്റിലായത്.
ചീട്ടുകളിക്കും മദ്യപാനത്തിനുമിടയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ച മുഹമ്മദ് ഷാഫിക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ആലുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ആദ്യം കൊട്ടിയം പോലീസ് കേസെടുത്തെങ്കിലും കുണ്ടറ പോലീസിന്റെ പരിധിയിലായതിനാൽ കേസന്വേഷണം കുണ്ടറ പോലീസ് ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം തിരുവന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ നിരവധി നേതാക്കൾ മുഹമ്മദ് റാഫിയുടെ വീട്ടിലെത്തി അനുശോചിച്ചു.