മേലാറ്റൂർ: മേലാറ്റൂർ എടയാറ്റൂരിലെ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹീന്റെ (ഒന്പത്) കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ഓഗസ്റ്റ് 13ന് പ്രതി സഞ്ചരിച്ച വഴികളിലൂടെയാണ് പോലീസ് ഇന്നലെ മുഹമ്മദുമായി സഞ്ചരിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഒരു ദിവസം നീണ്ടു നിന്ന തെളിവെടുപ്പാണ് ഞായറാഴ്ച നടന്നത്. അതിരാവിലെ തുടങ്ങി രാത്രിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പ്രതി താമസിച്ചിരുന്ന മലപ്പുറത്തെ ലോഡ്ജിൽ നിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്.
തുടർന്ന് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ സഞ്ചരിച്ച ആനക്കയം, ഒറവുംപുറം, എടയാറ്റൂർ റൂട്ടിലൂടെ സഞ്ചരിച്ച് സ്കൂളിന് സമീപത്ത് നിന്ന് കുട്ടിയെ പ്രതി തന്ത്രപൂർവം മോട്ടോർ സൈക്കിളിൽ കയറ്റിയത് പോലീസിന് കാണിച്ചു കൊടുത്തു.
തുടർന്ന് വീണ്ടും ഒറവുംപുറം വഴി പട്ടിക്കാട്, പെരിന്തൽമണ്ണ, കൊളത്തൂർ, പടപ്പറന്പ്, കോട്ടക്കൽ, തിരൂർ, ചമ്രവട്ടം, കുറ്റിപ്പുറം, വളാഞ്ചേരി, കൊളത്തൂർ വഴി വീണ്ടും പെരിന്തൽമണ്ണയിലേക്കും, തുടർന്ന് പുലാമന്തോളിലേക്കും, വീണ്ടും തിരിച്ച് പെരിന്തൽമണ്ണയിലേക്കും, തുടർന്ന് മങ്കട വഴി അനക്കയത്തേക്ക് പോയതും, പാലത്തിൽ നിന്ന് കുട്ടിയെ കടലുണ്ടി പുഴയിലേക്ക് വലിച്ചെറിയുന്നതും പോലീസ് പുനരാവിഷ്കരിച്ചു.