മുതലമട: പത്തിച്ചിറയിൽ സ്മാർട്ട് ഫോണ്‍ ഇല്ലാത്തതിനെ തുടർന്ന് ഓണ്‍ലൈൻ ക്ലാസിൽ ചേരാനാകാതെ പ്ലസ് വണ്‍ വിദ്യാർഥി പഠനം നിർത്താനൊരുങ്ങുന്നു. മുതലമട പോത്തന്‍പാടം പത്തിച്ചിറ അബ്ദുൾ സലീമിന്റെ മകൻ മുഹമ്മദ് ഷഹീറാണ് ഈ ഹതഭാഗ്യൻ.
ഗോവിന്ദാപുരത്ത് തമിഴ് മീഡിയം സ്കൂളിലാണ് മുഹമ്മദ് ഷഹീർ പഠിക്കുന്നത്. എസ് എസ് എൽസി യിൽ 500-ൽ 446 മാർക്ക് വാങ്ങി ഉന്നതവിജയം നേടിയ വിദ്യാർഥി ചിറ്റൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു പഠിക്കുന്നതിനു ഗോവിന്ദപുരം സ്കൂളിൽ നിന്നും ടിസി വാങ്ങാൻ പോയിരുന്നു.
എന്നാൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചതിനാൽ ഇവിടെ തന്നെ പഠിക്കണമെന്നു പറഞ്ഞ സ്കൂൾ അധികൃതർ ഫീസുകൾ ഒന്നും ഈടാക്കാതെ പ്ലസ് വണ്ണിനു ചേർക്കുകയും ചെയ്തു.
എന്നാൽ പ്ലസ് വണ്‍ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങി ആഴ്ചകളായിട്ടും മൊബൈൽ ഇല്ലാത്തതിനാൽ പഠനം തുടരാനാകാത്തതിൽ കടുത്ത നിരാശയിലാണ് ഈ വിദ്യാർഥി.
മകനു പഠിക്കാൻ മൊബൈൽ വാങ്ങി നല്കാൻ കൂലിപ്പണിക്കാരനായ അബ്ദുൾ സലാമിനും കഴിയുന്നില്ല. വിദ്യാർഥിയായ മുഹമ്മദ് ഷഹീറിനെ ബന്ധപ്പെടാനുള്ള ഫോണ്‍നന്പർ: 9496 045 226.