മഞ്ചേരി : പൂർണഗർഭിണിയെയും മകനെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി പത്തു വർഷം കഠിനതടവിനും തുടർന്നു ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം.
മലപ്പുറം ജില്ലയിലെ കാടാമ്പുഴയ്ക്കടുത്തു വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യുടെ ചുമതലയുള്ള ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.
കാടാമ്പുഴ തുവ്വപ്പാറ പുലിക്കണ്ടം വലിയപീടിയേക്കൽ മരയ്ക്കാരുടെ മകൾ ഉമ്മുസൽമ (26), ഉമ്മുസൽമയുടെ മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരാണു കൊല്ലപ്പെട്ടത്.
പൂർണഗർഭിണിയായ ഉമ്മുസൽമ കാരക്കോട് മേൽമുറിയിലെ വീട്ടിൽ കാവുംപുറം സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയായ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.
നേരത്തേ മൂന്നു തവണ വിവാഹം കഴിച്ച ഉമ്മുസൽമയെ കാമുകനായ പ്രതി നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. പ്രതിയിൽനിന്ന് ഉമ്മുസൽമ ഗർഭം ധരിച്ചു.
പ്രസവശേഷം ഒരുമിച്ചു താമസിക്കണമെന്ന് ഉമ്മുസൽമ നിർബന്ധം പിടിച്ചതോടെ തന്റെ അവിഹിതബന്ധം ഭാര്യ അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിനു കാരണമായത്.
2017 മേയ് 22ന് രാവിലെ പത്തിന് ഉമ്മുസൽമ താമസിക്കുന്ന വീട്ടിലെത്തിയ പ്രതി ഉമ്മുസൽമയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട മകനെയും പ്രതി ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയും ഇരുവരുടെയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. പൂർണഗർഭിണിയായ ഉമ്മുസൽമ ആക്രമണത്തിനിടെ പ്രസവിച്ചു. ഈ കുഞ്ഞും മരിച്ചു.