സീമ മോഹന്‍ലാല്‍
കൊച്ചി: ഇക്കഴിഞ്ഞ നാലിന് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഷെബിന്റെ ഫോണിലേക്ക് ഒരു കോളെത്തി. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ഉല്ലാസിന്റെ വീട്ടുമുറ്റത്തേ വാഴയിലേക്ക് പൂച്ച ഒരു മൂര്‍ഖന്‍ പാമ്പിനെ ഓടിച്ചു കയറ്റിയിട്ടുണ്ടെന്നും പാമ്പിനെ എത്രയും പെട്ടെന്ന് പിടിക്കണമെന്നുമായിരുന്നു ഫോണ്‍ സന്ദേശം.
രാത്രി എട്ടരയ്ക്കായിരുന്നു കോള്‍ വന്നത്. ആ സമയം മുഹമ്മദ് ഷെബിന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയതേയുള്ളൂ. അര മണിക്കൂറിനകം അദ്ദേഹം ആ വീട്ടിലെത്തി. നാലടി വലുപ്പമുള്ള മൂര്‍ഖന്‍ പാമ്പ് വാഴയില്‍ പത്തിവിരിച്ച് ഇരിക്കുന്നതാണ് അവിടെ കണ്ടത്.
പാമ്പ് താഴേക്ക് ഇറങ്ങിയ നിമിഷം ഹുക്കും ബാഗും പൈപ്പും ഉപയോഗിച്ചുള്ള ശാസ്ത്രീയമായ രീതിയിലൂടെ വെറും ഒന്നര മിനിറ്റു കൊണ്ടാണ് മുഹമ്മദ് ഷെബിന്‍ പാമ്പിനെ ബാഗിലാക്കിയത്. കോട്ടയം ജില്ല പോലീസില്‍ പാമ്പ് പിടിത്തതിനുള്ള ലൈസന്‍സ് (Forest Snake Rescuer Licence)ലഭിച്ചിട്ടുള്ള ഏക പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ആദ്യ പാമ്പ് പിടിത്തം ആറാം ക്ലാസില്‍ വച്ച്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുഹമ്മദ് ഷെബിന്‍ ആദ്യമായി പാമ്പിനെ പിടിക്കുന്നത്. വീട്ടില്‍ തയ്യല്‍ മെഷീനു കീഴേ ഇരുന്ന മൂര്‍ഖന്‍ പാമ്പിനെ വാലില്‍പ്പിടിച്ച് പുറത്തേക്ക് എറിഞ്ഞായിരുന്നു തുടക്കം. പിന്നീട് സമീപത്തെ വീടുകളിലൊക്കെ പാമ്പു കയറിയാല്‍ മുഹമ്മദ് ഷെബിന്‍ രക്ഷകനായെത്തും.
അന്നു പിടിച്ചതില്‍ ഏറെയും ചേരപ്പാമ്പുകള്‍ ആയിരുന്നു. തുടര്‍ന്ന് ചങ്ങനാശേരി എസ്ബി കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ നേവല്‍ എന്‍സിസി അംഗമായിരുന്ന മുഹമ്മദ് ഷെബിന്‍ ശാസ്ത്രീയമായി പാമ്പുപിടിത്ത രീതികള്‍ ടിവിയില്കണ്ടു പഠിച്ചിരുന്നു.
തുടര്‍ന്നു പിടിക്കുന്ന പാമ്പുകളെയെല്ലാം കുപ്പിയിലും ജാറിലുമാക്കി വാസയോഗ്യമല്ലാത്ത പ്രദേശത്ത് തുറന്നുവിടുമായിരുന്നു. എംസിഎ ബിരുദധാരിയായ ഇദ്ദേഹത്തിന് 2009ലാണ് പോലീസില്‍ ജോലി കിട്ടുന്നത്.
ശബരിമല ഡ്യൂട്ടിക്ക് പോകുമ്പോഴൊക്കെ പോലീസ് ബാരക്കിനു സമീപത്തുനിന്നും ഡ്യൂട്ടി സ്ഥലത്തുനിന്നും മറ്റും പാമ്പുകളെ പിടിച്ച് ചാക്കിലാക്കി സന്നിധാനത്തെ ഫോറസ്റ്റ് വിഭാഗത്തിന് കൈമാറിയിരുന്നു.
ഹുക്ക്-ബാഗ്-പൈപ്പ്
2020 ലാണ് ഹുക്ക്-ബാഗ്-പൈപ്പ് ഉപയോഗിച്ച് പാമ്പു പിടിത്തതിനുള്ള ശാസ്ത്രീയമായ പരിശീലനം ലഭിച്ചത്. കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറായ മുഹമ്മദ് അന്‍വര്‍ ആയിരുന്നു പരിശീലനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍.
ബാഗില്‍ കെട്ടിവച്ചിരിക്കുന്ന പാമ്പിനെ അഴിച്ചുവിട്ട് ബാഗ് ആന്‍ഡ് പൈപ്പ് രീതിയിലൂടെ ബാഗില്‍ കയറ്റി അതിനെ സുരക്ഷിത സ്ഥാനത്ത് തുറന്നുവിടുന്നതായിരുന്നു പരിശീലനത്തില്‍ കാണിക്കേണ്ടത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്റെ അഞ്ചു വര്‍ഷ കാലാവധിയോടെ ലൈസന്‍സ് നല്‍കും.
മുഹമ്മദ് ഷെബിന്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് സഞ്ചികളും മൂന്നു ഹുക്കുകളും അടങ്ങിയ സ്നേക്ക് റെസ്ക്യു കിറ്റ് വനം വകുപ്പ് നല്‍കിയിട്ടുണ്ട്. പൈപ്പിന്റെ അറ്റത്ത് സഞ്ചി വച്ച് ഒരു കൃത്രിമ മാളം ഉണ്ടാക്കും. ഹുക്ക് ഉപയോഗിച്ച് ഈ സഞ്ചിയിലേക്ക് പിടിക്കുന്ന പാമ്പിനെ കയറ്റിവിടും.
ലൈസന്‍സ് കിട്ടിയ ശേഷം ഇദ്ദേഹം 28 പാമ്പുകളെ പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. 20 മൂര്‍ഖന്‍ പാമ്പുകളെയും രണ്ട് അണലികളെയും മൂന്നു പെരുമ്പാമ്പുകളെയും ബാക്കി ചേരകളെയുമാണ് പിടികൂടിയത്. ഇത്തരത്തില്‍ നാല്പത് അടി താഴ്ചയിലുള്ള കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെവരെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിട്ടുണ്ട്.
വലയ്ക്കകത്ത് കുടുങ്ങിയ പാമ്പുകളെയും രക്ഷിക്കാറുണ്ട്. ഡ്യൂട്ടിയില്ലാത്ത സമയത്താണ് പാമ്പുപിടിക്കാനായി കൂടുതലും പോകുന്നത്. പാരഗ്ലൈഡിംഗും അണ്ടര്‍വാട്ടര്‍ ഡൈവിംഗും കയാക്കിംഗുമൊക്കെ ഇദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങളാണ്.
ഒരു സന്നദ്ധ രക്തദാതാവ് കൂടിയായ ഷെബിന്‍ ഇതുവരെ 39 തവണ രക്തദാനം നിര്‍വഹിച്ചിട്ടുണ്ട്. കാസര്‍ഗോഡ് കുമ്പള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അസി. സര്ജന് ഡോ. ഷാജിദായാണ് മുഹമ്മദ് ഷെബിന്റെ ഭാര്യ. തസ്മിയ സുല്‍ത്താനയും തന്‍സിയ സുല്‍ത്താനയുമാണ് മക്കള്‍.