മലപ്പുറം: മലപ്പുറത്തിനടുത്തു ചാപ്പനങ്ങാടിയിൽ വച്ച് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് മാഫിയയിൽ ഉൾപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ.
കഴിഞ്ഞ സെപ്തംബർ 24ന് കഞ്ചാവ് പിടികൂടിയ കേസിൽ കൊണ്ടോട്ടി കൊടികുത്തിപറന്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെ(27)യാണ് മലപ്പുറം നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുന്പാശേരി എയർപോർട്ട് പരിസരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട കരിപ്പൂർ പുളിയംപറന്പ് കല്ലൻകണ്ടി റഫീഖ് (30), കൊണ്ടോട്ടി അന്തിയൂർകുന്ന് കുന്നേക്കാട്ട് തെഞ്ചേരികുത്ത് മുഹമ്മദ് മുജീബ് റഹ്മാൻ,
കൊണ്ടോട്ടി അന്തിയൂർകുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീർ എന്നിവരെ ഒരാഴ്ച മുന്പു പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായ ആളുകളുടെ എണ്ണം 14 ആയി. ഇവർ റിമാൻഡിലാണ്. ആന്ധ്രയിൽ നിന്നു ഉള്ളി കയറ്റിയ വണ്ടിയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്.
ആന്ധ്രയിൽ നിന്നു കഞ്ചാവ് കൊണ്ടുവരുന്നതിന് സാന്പത്തിക സഹായം നൽകുകയും സംഭവദിവസം സ്ഥലത്തു നിന്നു രക്ഷപ്പെട്ട മൂന്നു പ്രതികളെ പോലീസിന്റെ കൈകളിൽ നിന്നു രക്ഷപ്പെടുത്തി ഒളിവിൽ താമസിക്കാനുള്ള സഹായം ചെയ്ത സംഭവത്തിലാണ് മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
ഇയാൾ മുന്പും ആന്ധ്രയിൽ നിന്നു കഞ്ചാവ് കൊണ്ടുവന്നു വിൽപന നടത്തിയിരുന്നതായി പറയുന്നു.അവിടെ കിലോയ്ക്ക് 1500 രൂപ വരുന്ന കഞ്ചാവ് കേരളത്തിൽ എത്തുന്നതോടെ 50,000 രൂപ വരെയാകും.
ഇനിയും ഈ കേസിൽ പ്രതികളെ പിടികൂടാനുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ പ്രതികൾക്ക് കഞ്ചാവു കടത്തികൊണ്ടുവരുന്നതിന് സാന്പത്തികമായും മറ്റും സഹായം ചെയ്ത പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി ഷംസിന്റെ നേതൃത്വത്തിൽ മലപ്പുറം എസ്ഐ സംഗീത് പൂനത്തിലും ജില്ലാ ആന്റിനർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.