കൊച്ചി: സംസ്ഥാനത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെ എറണാകുളം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് കയര്‍ത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ആണ്പിള്ളേര് ഉണ്ട്. ഞങ്ങള്‍ നെഞ്ചുവിരിച്ചു നിന്നാല്‍ മാത്രം മതി. സിപിഎമ്മിന്റെ കേരളഘടകമായ പോലീസിന്റെ സുരക്ഷ കോണ്‍ഗ്രസ് ഓഫീസിന് ആവശ്യമില്ലെന്നും എത്രയും വേഗം സ്ഥലംവിട്ടോളനും ഷിയാസ് പോലീസുകാരോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് കെപിസിസി ഓഫീസിനുനേരെ ആക്രമണമുണ്ടായപ്പോള്‍ എറണാകുളം ഡിസിസി ഓഫീസിനുനേരേയും അക്രമസാധ്യതയുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് ഷിയാസ് ഡിസിപിയെ നേരില്‍ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അര്‍ധരാത്രി സിപിഎം പ്രവർത്തകർ ഡിസിസിക്ക് മുന്നില്‍ നാശനഷ്ടങ്ങള്‍ വരുത്തിയപ്പോൾ ഒരു പോലീസുകാരൻ പോലുമില്ലായിരുന്നു.
ഇന്നലെ പകല്‍സമയത്ത് ഡിസിസി ഓഫീസിന് മുന്നില്‍ സുരക്ഷയ്ക്കെത്തിയ പോലീസ് വാഹനം കണ്ടതോടെയാണ് പ്രസിഡന്റ് പ്രകോപിതനായത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഡിസിസി ഓഫീസില്‍ പത്രസമ്മേളനം കഴിഞ്ഞു മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ജീപ്പുമായി സ്ഥലം കാലിയാക്കിക്കോ.
താനൊക്കെ കാക്കിതന്നെ അല്ലേ ഇടുന്നത്. അല്ലാതെ ചുവപ്പല്ലല്ലോ തെമ്മാടികളേ. പാര്‍ട്ടി ഓഫീസിന് സംരക്ഷണമെന്ന വ്യാജേന പോലീസ് ഇടത് അക്രമികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനുള്ള ബോധം തങ്ങള്‍ക്കുണ്ട്.
തല്കാലം ജനത്തിന്റെ പ്രതിഷേധത്തില്‍നിന്ന് മുഖ്യമന്ത്രിക്കു സംരക്ഷണം ഒരുക്കെന്നും ഷിയാസ് പറഞ്ഞു. ഇതിനുശേഷവും പോലീസ് സംഘം പ്രദേശത്ത് തുടര്‍ന്നു.