അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ വെറും 16 പന്ത് മാത്രമായിരുന്നു മുഹമ്മദ് സിറാജിനു വേണ്ടിവന്നത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും സിറാജ് ഇതോടെ സ്വന്തമാക്കി.
ശ്രീലങ്കയുടെ ചാമിന്ദ വാസ്, യുഎസ്എയുടെ അലി ഖാൻ എന്നിവരും 16 പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2002നുശേഷമുള്ള കണക്കാണിത്.
2002നുശേഷമാണ് ബോൾ ബൈ ബോൾ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത്. 2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ചാമിന്ദ വാസ് 16 പന്തിൽ അഞ്ചു വിക്കറ്റ് തികച്ചത്. ഏകദിന കരിയറിൽ സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് 21 റണ്സിന് ആറ് വിക്കറ്റ്.
അതിവേഗം 50 വിക്കറ്റ്
ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി.
1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ് നേട്ടമാഘോഷിച്ചത്. ഇക്കാര്യത്തിൽ ലോകത്തിൽ രണ്ടാമനാണ് സിറാജ്. ശ്രീലങ്കയുടെ അജന്ത മെൻഡിസിന്റെ പേരിലാണു ലോക റിക്കാർഡ്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരു മത്സരത്തിൽ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 11-ാമത് ബൗളറാണ് സിറാജ്. ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ സ്കോറാണ് ശ്രീലങ്കയുടെ 15.2 ഓവറിൽ 50.
ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറുമാണിത്, ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും ചുരുങ്ങിയ ഓവറിനുള്ളിൽ പുറത്താകുന്നതിൽ ലോകത്തിൽ രണ്ടാമതും.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം മുഹമ്മദ് സിറാജ് സ്വന്തമാക്കി. ഏകദിന ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് ബൗളറാണ് സിറാജ്. 2003ൽ ശ്രീലങ്കയുടെ ചാമിന്ദ വാസ് ബംഗ്ലാദേശിനെതിരേയും പാക്കിസ്ഥാന്റെ മുഹമ്മദ് സമി ന്യൂസിലൻഡിനെതിരേയും 2019ൽ ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് വെസ്റ്റ് ഇൻഡീസിനെതിരേയും ഒരു ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.