വടക്കഞ്ചേരി: പാമ്പ് പിടുത്തം മുഹമ്മദാലിക്ക് ഒരു ഹരമാണ്. അത് ഉഗ്രവിഷസർപ്പമാണെങ്കിൽ ആവേശം കൂടും. പാമ്പുകളുടെ ശ്രദ്ധ തെറ്റിച്ച് കൈ കൊണ്ടാണ് ഏത് വിഷപാമ്പിനേയും പിടിക്കുക.
ജോലിയുടെ ഭാഗമായി പരിശീലനം നേടിയ വനപാലകർ ഭയന്ന് പിന്മാറുന്ന സന്ദർഭങ്ങളിലെല്ലാം സ്വയം ആർജ്ജിച്ചെടുത്ത അറിവും ധൈര്യവും കരുത്താക്കിയാണ് ഈ യുവാവ് പാന്പുകളെ ഇണക്കി വരുതിയിലാക്കുക.
കഴിഞ്ഞ ദിവസം മലന്പ്രദേശമായ പാലക്കുഴിയിൽ നിന്നും പിടികൂടിയ രാജവെന്പാല ഉൾപ്പെടെ പത്ത് വർഷത്തിനിടെ 9500 പാന്പുകളെ മുഹമ്മദാലി പിടികൂടിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ മൂർഖനാണ് കൂടുതലെന്ന് മുഹമ്മദാലി പറയുന്നു.
പാന്പ് പിടുത്തക്കാരനായിരുന്ന പിതാവ് വടക്കഞ്ചേരി കാരയങ്കാട് ബഷീറിന്റെ മരണശേഷമാണ് മകൻ മുഹമ്മദാലിയും ഈ രംഗത്തെത്തിയത്.
ചെറുപ്പത്തിലെ പിതാവിനൊപ്പം പാന്പിനെ പിടിക്കാൻ പോയ പരിചയവും മന ധൈര്യവുമാണ് മുഹമ്മദാലിക്ക് പിൻബലമാകുന്നത്.രാജവെന്പാലയേയും മൂർഖനേയും പിടിക്കാൻ എളുപ്പമാണ്.
എന്നാൽ പയ്യാനി (അണലി) പ്പോലെ ആളെ കണ്ടാലും ഓടി പോകാത്ത വിഷപാന്പുകൾ ഏറെ അപകടകാരികളാണെന്നാണ് മുഹമ്മദാലി പറയുന്ന മുന്നറിയിപ്പ്.പാന്പ് പിടുത്തത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ഏത് സമയത്ത് കോൾ വന്നാലും മുഹമ്മദാലി സ്ഥലത്തെത്തും. പാന്പിനെ കാണുന്നത് ദുർഘട സ്ഥലത്താണെങ്കിൽ പ്രയത്നം കൂടും.
പ്രതിഫലത്തിന്റെ വലുപ്പചെറുപ്പം നോക്കിയല്ല യുവാവിന്റെ സേവനം. പാന്പ് പിടുത്തം ഒരു ത്രില്ലായി പോയി അതിൽ നിന്നും പിന്തിരിയാൻ കഴിയുന്നില്ല. തനിക്ക് വലിയ നേട്ടമില്ലെങ്കിലും നിരവധി പേർക്ക് തന്റെ സേവനം വഴി വലിയ ആശ്വാസവും സമാധാനവും ഉണ്ടാകുന്നതു തന്നെയാണ് തന്റെ സന്തോഷമെന്ന് മുഹമ്മദാലി പറയുന്നു.
അടുക്കളയിലും വീട്ടിനുള്ളിലെല്ലാം പാന്പ് കയറി പിഞ്ചു കുട്ടികൾ ഉൾപ്പെടെ രാത്രിയിൽ പുറത്തേക്കോടി സഹായം അവശ്യപ്പെടുന്പോൾ എങ്ങനെ നിരസിക്കാനാകും.
കുടിവെള്ളം എടുക്കുന്ന കിണറ്റിൽ വിഷപാന്പ് വീണ് വെള്ളം എടുക്കാനാകാതെ കുടിവെള്ളം മുട്ടുന്പോഴും അവരുടെയെല്ലാം രക്ഷകനായി പ്രത്യക്ഷപ്പെടുന്നത് മുഹമ്മദാലിയാണ്. കോളുകൾ കൂടിയതോടെ പണിക്ക് പോകാനും കഴിയാത്ത സ്ഥിതിയായി.
കോൾ വന്നാൽ പിന്നെ എല്ലാം നിർത്തിവെച്ച് പണിസ്ഥലത്തു നിന്നും പാഞ്ഞെത്തും. പിടിക്കുന്ന പാന്പുകളെ വനംവകുപ്പിന്റെ അണക്കപ്പാറയിലുള്ള ഓഫീസിൽ ഏൽപ്പിക്കും.
പത്ത് പതിനഞ്ച് എണ്ണമാകുന്പോൾ വനപാലകർ നെല്ലിയാന്പതി കാട്ടിൽ വിടും.മുറിവു പറ്റിയ പാന്പുകളെ സ്വന്തം ചെലവിൽ ചികിത്സിച്ചാണ് മുഹമ്മദാലി കാട്ടിലേക്ക് വിടാനായി കൈമാറുകയുള്ളു.
മുറിവോടു കൂടി പാന്പിനെ കാട്ടിൽ വിട്ടാൽ മുറിവിൽ ഉറുന്പ് നിറഞ്ഞ് പാന്പ് ചാകാനുള്ള സാധ്യതയുണ്ട്. എവിടെയെങ്കിലും പാന്പിനെ കണ്ടാൽ നാട്ടുകാർ കല്ലെറിഞ്ഞും കന്പി കൊണ്ട് കുത്തിയും തല്ലിയും മുറിവുണ്ടാകും.
അനാവശ്യമായി പാന്പുകളെ ഉപദ്രവിക്കുന്നതും മുഹമ്മദാലിക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ്. നാട്ടുക്കാരുടെ മുന്നിൽ മുഖം രക്ഷിക്കാൻ വനപാലകർക്ക് മുഹമ്മദാലി ചെയ്യുന്ന സേവനവും ചെറുതല്ല.
പാന്പിനെ കണ്ട് നാട്ടുകാർ നിസഹായരാകുന്ന സന്ദർഭങ്ങളിൽ വിവരം വനം വകുപ്പിനെയാണ് ആളുകൾ ആദ്യം അറിയിക്കുക. വനം വകുപ്പ് ഉടൻ മുഹമ്മദാലിയുടെ സഹായം തേടുകയാണ് ചെയ്യുന്നത്.