അമ്പലവയല്‍: ആയിരംകൊല്ലിയില്‍ അറുപത്തെട്ടുകാരൻ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവെടുപ്പ് തുടങ്ങി.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയൂം അമ്മയെയും സംഭവസ്ഥലത്തു കൊണ്ടുവന്നാണ് തെളിവെടുപ്പ് നടക്കുന്നത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തും വീട്ടിലും തെളിവെടുപ്പ് നടന്നു. കൊലപാതകത്തിനു ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും വീട്ടില്‍നിന്നു കണ്ടെടുത്തു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
ആയിരംകൊല്ലി സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തുള്ള പൊട്ടക്കിണറ്റില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും അമ്മയെയും അറസ്റ്റ് ചെയ്തിരുന്നു.
കൃതം നിര്‍വഹിച്ചതു കുട്ടികള്‍ തന്നെയാണെന്നാണ് പോലീസ് നിലപാട്. എന്നാല്‍, വേറെ ആളുകള്‍ ഇതിന്റെ പിന്നിലുണ്ടെന്നു കൊല്ലപ്പെട്ട മുഹമ്മദിന്റെ രണ്ടാം ഭാര്യ ആരോപിച്ചു.
കൊലപ്പെട്ട മുഹമ്മദ് ഒപ്പം താമസിക്കുന്ന ബന്ധു കൂടിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തടയുകയും തുടര്‍ന്നുണ്ടായ ബലപ്രയോഗത്തില്‍ മരണം സംഭവിക്കുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു.
മൃതദേഹത്തില്‍ കോടാലികൊണ്ടുള്ള മുറിവേറ്റപാടുകളാണ്. വലതുകാലിന്റെ കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
മുറിച്ചുമാറ്റപ്പെട്ട കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. സംഭവത്തിനു ശേഷം കുട്ടികളില്‍ ഒരാളാണ് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്.
രണ്ടു കുട്ടികള്‍ക്ക് ഈ കൃത്യം നിര്‍വഹിക്കാന്‍ കഴിയില്ലെന്നു മുഹമ്മദിന്റെ രണ്ടാം ഭാര്യ പറയുന്നു. താമസിക്കുന്ന ഷെഡിലാണ് കൊലപാതകം നടന്നത്.
മൃതദേഹം ഒന്നര കിലോമീറ്റര്‍ അകലെ കൊണ്ടുത്തള്ളാന്‍ കുട്ടികള്‍ക്കു കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന പെൺകുട്ടികളാണ് കൊലപാതകം നടത്തിയതെന്നു പോലീസ് പറയുന്നു.
ഇവരില്‍ ഒരു പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞതോടെയാണ് ക്രൂരമായ കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്.
മുഹമ്മദിന്റെ ബന്ധുവാണ് പ്രതികളായ മൂന്നു പേരും. വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമാണ് ഇയാളുടെ താമസം.
കാപ്പിത്തോട്ടത്തോടു ചേര്‍ന്ന് ഒറ്റപ്പെട്ട പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. കോടാലികൊണ്ട് വെട്ടിയ ശേഷം വാക്കത്തികൊണ്ടു കാല് വെട്ടിമാറ്റിയെന്നാണ് കുട്ടികള്‍ പോലീസിനോടു പറഞ്ഞത്.
മൃതദേഹത്തിന്റെ ഭാഗം സ്കൂള്‍ ബാഗിലാക്കിയാണ് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയത്. ഓട്ടോറിക്ഷയിലാണ് ഇവര്‍ പോയത്.
അമ്മയെ മര്‍ദിച്ചപ്പോള്‍ രക്ഷപ്പെടുത്തുന്നതിനാണ് മുഹമ്മിദിനെ കോടലികൊണ്ട് അടിച്ചതെന്നു കുട്ടികള്‍ മൊഴി നൽകിയതായി പോലീസ് പറയുന്നു. ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരും.
സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദ് എന്നു സമീപവാസികള്‍ പറഞ്ഞു. പതിവുപോലെ ചൊവ്വാഴ്ചയും ഒച്ചയും ബഹളവും കേട്ടങ്കിലും ആരും ശ്രദ്ധിച്ചില്ല. കുട്ടികള്‍ പോലീസില്‍ വിവരമറിയിച്ചശേഷമാണ് സമീപവാസികള്‍ പോലും അറിയുന്നത്.