പഴയങ്ങാടി: പ്രവാസിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ പുതിയങ്ങാടി സ്വദേശി ലായിൻ മുഹമ്മദ് കുഞ്ഞിന്റെ (55) തൂങ്ങി മരണത്തിൽ നാല് പേർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയേക്കും. ആത്മഹത്യാ കുറിപ്പിന്റെയും ബന്ധുക്കളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് പ്രേരണ കുറ്റം ചുമത്തുന്നത്. വിദേശത്തുള്ള മൂന്ന് പേരും നാട്ടിൽ ഉള്ള ഒരാളുമാണ് ഇവർ.
വിദേശത്തുള്ളവരുമായുള്ള സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന മുഹമ്മദ് കുഞ്ഞിയുടെ ആത്മഹത്യാ കുറിപ്പും അവർക്ക് വേണ്ടി നാട്ടിൽ സഹായം ചെയ്തു കൊടുത്ത നാട്ടിലുള്ള മുൻ പ്രവാസിയെകുറിച്ചുള്ള ബന്ധുക്കളുടെ മൊഴിയും ആണ് പോലീസ് കേസെടുക്കുവാൻ ഒരുങ്ങുന്നതിന്റെ കാരണം.
മുഹമ്മദ് കുഞ്ഞിയുടെ മരണ സമയത്ത് ഇവർ എല്ലാവരും നാട്ടിൽ ഉണ്ടായിരുന്നു.പോലീസ് സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. സെപ്റ്റംബർ13ന് രാവിലെ പഴയങ്ങാടി ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വന്തം ജെന്റ് ബ്യൂട്ടി പാർലറിന് സമീപമാണ് തൂങ്ങി മരിച്ചതായി കണ്ടത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചത്.
മൃതദേഹത്തിന് സമീപമുള്ള മൂന്ന് പേജുള്ള ആത്മഹത്യ കുറുപ്പും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള നോട്ട് ബുക്ക്, മൊബൈൽ ഫോൺ, ഇരുപത്തി അയ്യായിരം രൂപ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.