ആലുവ: വിദേശത്തു യാത്രാവിലക്കുള്ളയാളെ നാട്ടിലെത്തിക്കാമെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് മുഹമ്മദ് അസ്ലം തട്ടിയെടുത്ത കോടികളുടെ കണക്കുകൾ കേട്ട് നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. 2.25 കോടി രൂപയാണ് ഇമാമും കൂടിയായ മുഹമ്മദ് അസ്ലം തട്ടിയെടുത്തത്.
ഇയാളുടെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക പോലീസ് സംഘം. പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2090/2019 എഫ്ഐആർ നമ്പറിലെ കേസന്വേഷണമാണ് മൂവാറ്റുപുഴ സ്വദേശിയും കാഞ്ഞിരമറ്റം പള്ളി ഇമാമുമായ മുഹമ്മദ് അസ്ലം മൗലവിയുടെ അറസ്റ്റിലേക്ക് എത്തിച്ചത്.
എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് മുഖ്യപ്രതിയെയും കൂട്ടാളി കാഞ്ഞിരപ്പിള്ളി സ്വദേശി മുഹമ്മദ് ബിജ്ലിയേയും തന്ത്രപരമായി കുടുക്കിയതോടെ തട്ടിപ്പുകളുടെയും വിശ്വാസവഞ്ചനയുടെയും കഥകൾ ഓരോന്നായി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്.
പെരുമ്പാവൂർ കണ്ടന്തറ സ്വദേശിനിയായിരുന്നു പരാതിക്കാരി. ഇവരുടെ ഭർത്താവ് ഖത്തറിൽ ബിസിനസ് നടത്തി വരുന്നതിനിടയിൽ സാമ്പത്തിക പ്രതിസന്ധിമൂലം യാത്രാവിലക്കിലേർപ്പെട്ടു.
ഈ സമയത്താണ് തങ്ങളുടെ മഹല്ലിൽ ദീർഘകാലം ഇമാമായിരുന്ന അസ്ലം മൗലവി രക്ഷകൻ ചമഞ്ഞെത്തുന്നതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മത പുരോഹിതനെന്ന നിലയിൽ വിശ്വാസം പിടിച്ചുപറ്റിയ മൗലവി തട്ടിപ്പുകൾ തുടരുകയായിരുന്നു.
കേന്ദ്ര ഗവൺമെന്റിൽ തനിക്കുള്ള പിടിയും കൂട്ടാളി ബിജ്ലിക്ക് ഖത്തറിലെ ഷേയ്ക്ക്മാരും ഭരണാധികാരികളുമായുള്ള സ്വാധീനവും ഉപയോഗിച്ച് 20 ദിവസം കൊണ്ട് ഭർത്താവിനെ നാട്ടിലെത്തിക്കാമെന്ന് മൗലവി ഉറപ്പു നൽകി.
കൂടുതൽ വിശ്വാസത്തിനായി വിദേശത്തു പെട്ടുപോയ മലയാളി വ്യവസായിയുടെ മോചനത്തിൽ ബിജ്ലി ഇടപെട്ട കഥയും മൗലവി തട്ടിവിട്ടു.
തുടർന്നു ഭർത്താവിനെ മോചിപ്പിക്കാൻ യുവതി ആദ്യ ഗഡുവായി അമ്പത് ലക്ഷം 2018 ഫെബ്രുവരിയിൽ ബാങ്ക് വഴി മൗലവിക്ക് കൈമാറി. മാർച്ചിൽ ബാക്കി തുകയായ ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപ സഹോദരങ്ങളിലും കുടുംബക്കാരിൽനിന്നും സമാഹരിച്ച് പണമായി മൗലവിക്ക് കൊടുത്തു.
എന്നാൽ, നാളിതുവരെ ഭർത്താവിനെ നാട്ടിലെത്തിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ മൗലവി കബളിപ്പിക്കൽ തുടർന്നതിനാൽ യുവതി നിയമ നടപടികളുമായി നീങ്ങുകയായിരുന്നു. തന്റെ സ്വാധീനമുപയോഗിച്ച് മൗലവി ലോക്കൽ പോലീസിന്റെ അന്വേഷണങ്ങൾ അട്ടിമറിച്ചുക്കൊണ്ടിരുന്നു.
ഒടുവിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി. തുടർന്നുള്ള ഇടപെടലുകൾ കേസിന്റെ ഗതി മാറ്റി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് ഉന്നതരായ പ്രതികളെ കുടുക്കിയത്.
ശനിയാഴ്ച്ച അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്ത് കോവിഡ് നിരീക്ഷണത്തിനായി അയച്ചിരിക്കുകയാണ്. കേരള മുസ്ലിം യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അസ്ലം മൗലവി പേഴ്ക്കാപ്പള്ളി ബദരിയ അറബിക് കോളജ് ചെയർമാൻ കൂടിയാണ്.
യുവതിയിൽ നിന്നും തട്ടിയെടുത്ത കോടികൾ റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുടക്കിയിട്ടുണ്ടാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മുഹമ്മദ് അസ്ലം മൗലവിയെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയതായി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ വാർത്തക്കുറിപ്പിൽ അറിയിച്ചു.