താമരശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നിരവധി ആഡംബര വാഹനങ്ങള്‍ താല്‍ക്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ചു വിറ്റു ലക്ഷങ്ങള്‍ തട്ടിയെടുത്ത ആളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലി എന്ന വണ്ടി ചോര്‍ അലി(48)യാണ് താമരശേരി പോലീസിന്റെ പിടിയിലായത്.
പൂനൂരില്‍ നിന്ന് വിവാഹ ആവശ്യത്തിന് രണ്ടു ദിവസത്തേക്കെന്നുപറഞ്ഞ് കൈക്കലാക്കിയ കാര്‍ മറിച്ചു വില്‍പ്പന നടത്തിയ കേസിലാണ് ഇയാളെ കാര്‍ സഹിതം പിടികൂടിയത്. ചോദ്യം ചെയ്തതില്‍ ഇത്തരത്തില്‍ നാല്പതിലധികം വാഹന ഉടമകളെ കബളിപ്പിച്ച് തട്ടിപ്പു നടത്തിയതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയതറിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരാതിക്കാര്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്.
തൊട്ടില്‍പാലത്ത് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായ പ്രതി മാസങ്ങളായി തൊട്ടില്‍പാലത്തും പരിസര പ്രദേശങ്ങളിലും കര്‍ണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു.
പ്രതിക്കു ഒളിച്ച് താമസിക്കാന്‍ സൗകര്യം ചെയ്തവരേയും തട്ടിപ്പ് കൂട്ടാളികളേയും പോലീസ് നിരീക്ഷിച്ചു വരികയാണ്. പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൈക്കലാക്കിയ വാഹനങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കും കടത്തിക്കൊണ്ടു പോയിട്ടുള്ളതായി സംശയമുണ്ട്.
ഇത്തരത്തിലുള്ള നിരവധി വാഹന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ഇയാള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
താമരശേരി ഡിവൈഎസ്പി ഇ.പി. പ്രൃഥ്വിരാജിന്റെ നിർദേശ പ്രകാരം താമരശേരി ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ്, എസ്ഐ മാരായ രാജീവ് ബാബു, കെ.സുരേഷ്, അനില്‍കുമാര്‍, എഎസ്ഐഷിബില് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.