ഗാന്ധിനഗർ: യുവതിയെ കൊലപ്പെടുത്തിയശേഷം സൗദിയിൽ ജോലി ചെയ്തു വരവേ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ തടസം. കോട്ടയം ആർപ്പുക്കര കദളിക്കാലായിൽ മുഹമ്മദ് സാദിഖി (സലിം) ന്റെ മൃതദേഹമാണു നാട്ടിലെത്തിക്കുവാൻ കഴിയാത്തത്.
2004 ജൂലൈ 29നു തൊടുപുഴ കരിങ്കുന്നം തട്ടാരത്ത് വാഴേപ്പറന്പിൽ സിജി (24)യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു സലിം.
സിജിയുടെ മാതാവിന്റെ ചികിത്സയ്ക്കാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ഈ സമയം ടാക്സി സ്റ്റാന്റിനു മുൻവശം തട്ടുകട നടത്തുകയായിരുന്ന സലിം.
സിജിയുമായി പരിചയപ്പെടുകയും തുടർന്നു വിവാഹ വാഗ്ദാനം നൽകി സലിമും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചു. 2004 ജൂലൈ 29ന് സലിമിന്റെ നേതൃത്വത്തിൽ സിജിയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം നേര്യമംഗലത്ത് ചീയപ്പാറയിൽ കൊണ്ടുചെന്നു തള്ളിയിടുകയായിരുന്നു.
സിജിയുടെ കൈവശത്തുണ്ടായിരുന്ന പതിനഞ്ചര പവൻ സ്വർണാഭരണങ്ങളും 16,000 രൂപയും സംഘം കൈക്കലാക്കുകയും ചെയ്തിരുന്നു. അടിമാലി സിഐയായിരുന്ന എം.എം. ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ സലിം പിന്നീട് കൊല്ലം അയത്തിൽ അഷറഫ് എന്ന വ്യാജ മേൽവിലാസമുണ്ടാക്കി സൗദിയിൽ എത്തുകയായിരുന്നു.
കഴിഞ്ഞ 28നു ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നാണ് കൊല്ലത്തെ ഭാര്യവീട്ടിലും ആർപ്പുക്കരയിലുള്ള ബന്ധുക്കൾക്കും വിവരം ലഭിച്ചത്.
മൃതദേഹത്തിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ കൊല്ലത്ത് ബന്ധുക്കൾ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ തടസം ഉണ്ടെന്ന് അടിമാലി എസ്എച്ച്ഒ അനിൽ ജോർജ് രാഷ്ട്രദീപികയോടു പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി എസ്ഐ ശിവരാമൻ കൊല്ലത്തേക്കു പുറപ്പെട്ടു.