കൊണ്ടോട്ടി: അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭർത്താവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു.
വാഴക്കാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് അനന്തായൂർ ഇളന്പലാറ്റാശേരിയിൽ കുഞ്ഞുമുഹമ്മദിന്റെ മകൾ ഷാക്കിറ(27)ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(41)നെ ഉച്ചയോടെ മാവൂരിൽ നിന്ന് പോലിസ് പിടികൂടി.
ഇന്നലെ രാത്രി ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസികൾക്കും കുട്ടികളുടെ സ്കൂൾ ഗ്രൂപ്പിലും താൻ ഭാര്യയെ കൊന്നുവെന്ന് ശബ്ദസന്ദേശം അയച്ച് ഷമീർ മുങ്ങുകയായിരുന്നു.
പോലീസും പ്രദേശവാസികളും ബന്ധുക്കളും വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഷാക്കിറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർമുറുക്കി യാണ് കൊലപ്പെടുത്തിയത്.
ഷാക്കിറയുടെ മൃതദേഹം വാഴക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
മറ്റൊരു വധശ്രമത്തിൽ തിരുവന്പാടി പോലീസ് സ്റ്റേഷനിൽ ഷമീറിനെതിരേ കേസ് നിലവിലുണ്ട്. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്.
കൊല്ലപ്പെട്ട ഷാക്കിറയ്ക്ക് ആദ്യവിവാഹത്തിൽ നിസാം എന്ന മകൻ കൂടിയുണ്ട്. മാതാവ്: നഫീസ. സഹോദരങ്ങൾ: ലിയാക്കത്തലി, മുനീർ, സാദിഖ്.