ഇരിട്ടി: ഇ-കൊമേഴ്സ് കന്പനിയായ ഫ്ലിപ്പ് കാര്‍ട്ടിന്റെ ഇരിട്ടിയിലെ ഓണ്‍ലൈന്‍ സ്റ്റോക്ക് കേന്ദ്രത്തില്‍നിന്ന് 11 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും കാമറയും തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കേളകം അടയ്ക്കാത്തോട് പുത്തന്‍പറമ്പില്‍ മുഹമ്മദ് ജുനൈദി (27) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 23നാണ് ഫ്ലിപ്പ് കാര്‍ട്ടിന്റെ ഇരിട്ടി സ്റ്റോക്ക് കേന്ദ്രത്തിൽ നടന്ന മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ജുനൈദ് ഫീല്‍ഡില്‍ പോകുന്ന സെയില്സ്മാന്മാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയും രണ്ട് സെയില്സ്മാന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ മുങ്ങിയ മുഹമ്മദ് ജുനൈദ് ഹിമാചല്‍പ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ബംഗളൂരുവില്‍നിന്ന് അടയ്ക്കാത്തോട്ടിലേക്ക് വരുന്പോൾ കൂട്ടുപുഴയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കേളകത്ത് ഐടി ആക്ട് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വിലകൂടിയ മൊബൈല്‍ഫോണും കാമറകളും വ്യാജ മേല്‍വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്യും. സെയില്സ്മാന് ഈ ഓര്‍ഡറിലുള്ള ആള്‍ക്കെന്ന വ്യാജേന പാഴ്സല്‍ സ്റ്റോക്കിസ്റ്റിൽനിന്നു വാങ്ങി കൊണ്ടുപോകും.
മുഖ്യപ്രതി മുന്‍കൂട്ടി തീരുമാനിച്ചതുപ്രകാരം രഹസ്യകേന്ദ്രത്തില്‍ വച്ച് പാഴ്സല്‍ ബ്ലേഡുപയോഗിച്ച് പൊളിച്ച് വിലകൂടിയ മൊബൈലും കാമറയും കവര്‍ന്നശേഷം ഉപയോഗശൂന്യമായ മൊബൈല്‍ഫോണ്‍, കാമറഎന്നിവ പാഴ്സലില്‍ തിരികെ കയറ്റി തിരിച്ചറിയാത്ത രീതിയില്‍ ഒട്ടിച്ച് സെയില്സ്മാന്മാര് മുഖേന ഓര്‍ഡര്‍ വ്യാജ വിലാസത്തിലാണെന്നു ചൂണ്ടിക്കാട്ടി സ്റ്റോക്കിസ്റ്റിന് തിരികെ നല്‍കും.
സ്റ്റോക്കിസ്റ്റ് കാര്യം മനസിലാക്കാതെ കമ്പനിക്ക് തിരിച്ചയയ്ക്കും. ഇങ്ങനെ തിരിച്ചയച്ച പാഴ്സലുകളില്‍നിന്നാണ് ഫ്ലിപ്പ് കാർട്ട് കമ്പനി തട്ടിപ്പ് മനസിലാക്കിയത്.
എസ്ഐമാരായ ബേബി ജോര്‍ജ്, എം.ജെ .മാത്യു, കെ.കെ.മോഹനനന്‍, സിപിഒമാരായ റഷീദ്, നവാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.