ആലപ്പുഴ: ആലപ്പുഴ തുന്പോളിയിൽ കഴിഞ്ഞ ദിവസമുണ്ടായ മുഖംമൂടി ആക്രമണ കേസിൽ പിടിയിലായ ഏഴുപ്രതികൾ റിമാൻഡിൽ. കൊമ്മാടി തീർഥശേരി അന്പലത്തിനു സമീപം വാടക്കുഴി വെളിയിൽ വീട്ടിൽ സുഭാഷ് (28), അരയശേരി വീട്ടിൽ ഷിബിൻ (23), എസ്എൻവി ഗുരുമന്ദിരത്തിനു സമീപം വടക്കേ വെളിയിൽ വീട്ടിൽ അരുണ് (22), മാരാരിക്കുളം പത്താം വാർഡിൽ കെഎസ്ഇബിക്കു സമീപം നാട്ചിറയിൽ വീട്ടിൽ അജിത് (25), കൊമ്മാടി കേരള ബൈലേഴ്സിനു പടിഞ്ഞാറു മടയിൽ വീട്ടിൽ കട്ടചാൻ എന്ന് വിളിക്കുന്ന ആദർശ്, തുന്പോളി പടിഞ്ഞാറു അഞ്ചുതൈയ്യിൽ വീട്ടിൽ മണികണ്ഠൻ (25), മടയിൽ വീട്ടിൽ യോഗിദാസ് ചന്ദന എന്ന് വിളിക്കുന്ന ജിനീഷ് (28) എന്നിവരാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം.
ഈസ്റ്റർ ദിനത്തിൽ രാത്രി മംഗലം സ്വദേശി പ്രണവ് മംഗലത്ത് കടയിൽ നിന്നും സാധനം വാങ്ങി പുറത്തിറങ്ങിയ സമയം ബൈക്കിലെത്തിയ പ്രതികളിൽ ഒരാളുമായി തർക്കവും അടിപിടിയുമുണ്ടായതിനെ തുടർന്നു തുന്പോളി കടപ്പുറത്ത് ഒത്തുകൂടിയ പ്രതികൾ തിരിച്ചടിക്കു പദ്ധതി തയാറാക്കിയ ശേഷം രാത്രി പ്രണവിന്റെ വീട് ആക്രമിക്കുകയായിരുന്നു.
ആദ്യം വീടുമാറി മംഗലം സ്വദേശി ഷാജഹാന്റെ വീടാണ് ആക്രമിച്ചത്. ഷാജഹാന്റെ ഓട്ടോയും മോട്ടോർ സൈക്കിളും അടിച്ചു തകർത്തശേഷം അയൽവാസിയുടെ വാഗണർ കാറിന്റെ ചില്ലുകളും അടിച്ചു തകർത്തു. സമീപ പ്രദേശത്തെ വീടുകളിൽ കയറി വാഹനങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയായിരുന്നു. വീടുകൾ ആക്രമിച്ച പ്രതികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികളെ പേടിച്ചു പരിസര വാസികൾ പുറത്തിറങ്ങിയില്ല.
മുഖംമൂടി ധരിച്ച ചിലരുടെ മുഖംമൂടി അഴിഞ്ഞു പോയത് ചിലർ കണ്ടതാണ് പ്രതികളെ പിടികൂടാൻ സഹായമായത്. നിരവധി കൊലപാതക ശ്രമം, അടിപിടി കേസുകളിലെ പ്രതികളാണ് പിടിയിലായ മിക്കവരും. വീടുകയറി അക്രമത്തിനു മാരകായുധാങ്ങൾ ഉപയോഗിച്ചതിനും വസ്തു വകകൾ തല്ലി തകർത്തതിനും പ്രത്യകം വകുപ്പുകൾ ചേർത്താണ് അന്വേഷണം നടക്കുന്നത്. സംഭവം നടന്നു 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതികൾക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. നോർത്ത് സിഐ രാജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ് സിപിഒമാരായ ബിനു, വിഷ്ണു, വികാസ്, പോൾ ,ആന്റണി സലിം സുന്ദരേശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.