ചാരുംമൂട്: താമരക്കുളം നാലു മുക്കിൽ അർദ്ധരാത്രിയിൽ വീടുകൾ അക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. വളളികുന്നം കടുവിനാൽ മേലാത്തറ കോളനിയിൽ മലവിളവടക്കതിൽ സഞ്ചു (26) താമരക്കുളം വേടര പ്ലാവ് താഴത്തതിൽ വീട്ടിൽ സുനിൽ (ര തീഷ് 22) വള്ളികുന്നം കടുവിനാൽ കൃഷ്ണ ഭവനത്തിൽ അരുണ് ബി.ക്യഷ്ണൻ (26) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ മാവേലിക്കര സി.ഐ പി.ശ്രീകുമാർ, നൂറനാട് പ്രിൻസിപ്പൽ എസ്.ഐ വി. ബിജു, എസ്.ഐ രാജേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും ഇവർ പല സ്ഥലങ്ങളിലായി ഒളിവിൽ പോയത് പോലീസിന് തലവേദന സൃഷ്ടിച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവർ പോലീസിന്റെ വലയിലായത്.
ചാരുംമൂട്ടിൽ ബിയർ പാർലറിൽ പ്രതികളും സംഭവസ്ഥലത്തിനടുത്തുള്ള ചിലരുമായി അടിപിടിയുണ്ടായി. ഇതിനെ തുടർന്നാണ് പ്രതികൾ ഇവിടെയെത്തി അക്രമം നടത്തിയതെന്നും മുന്പും ഇവർ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ടന്നും പോലീസ് പറഞ്ഞു. രണ്ടാഴ്ച മുന്പാണ് അർദ്ധരാത്രി ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ അഞ്ചു വിടുകൾക്ക് നേരെ അക്രമം നടത്തിയതും ഗൃഹനാഥനെ മർദ്ദിച്ചതും.
താമരക്കുളം നാലുമുക്ക് പുതുപ്പുരയ്ക്കൽ ഭാഗത്തെ അബ്ദുൽ റഹീം, സുഭാഷ്, ബിജു, ഷാഹുൽ ഹമീദ്, റജിമോൻ എന്നിവരുടെ വീടുകളിലായിരുന്നു അക്രമം നടന്നത്. വീടുകളുടെ മുഴുവൻ ജനാലച്ചില്ലുകളും, മുൻവശത്തെ കതകുകളും അക്രമികൾ തകർത്തിരുന്നു. ആയുധങ്ങളുമായെത്തിയ സംഘം അബുൽ റഹീമിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ രാഷ്ട്രീയ ഭേതമന്യേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു