തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി ആദം അലിയുമായുള്ള തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും.
ആദം അലിയുടെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാരും സഹായത്തിനില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയത്.
സുഹൃത്തുക്കളോട് കൊലപാതക വിവരം പറഞ്ഞിരുന്നില്ല. മനോരമയെ മർദിച്ചുവെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു പറഞ്ഞു.
രക്ഷപ്പെടാൻ മൊബൈൽ ഫോണും സിംകാർഡും ആവശ്യപ്പെട്ട് സുഹൃത്തുക്കളെ സമീപിച്ചിരുന്നു.
വീട്ടിൽ നിന്നും സ്വർണവും പണവും കവർച്ച ചെയ്യാനായിരുന്നു വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നാണ് ആദം അലി പറഞ്ഞത്.
കവർച്ച നടത്തിയ സ്വർണം കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ആദം അലിയെ പോലീസിന്റെ അപേക്ഷ പരിഗണിച്ച് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഒന്പതു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇന്ന് മുതൽ പ്രതിയുമായി വിവിധ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന മനോരമയുടെ വീട്ടിലും അടുത്ത വീട്ടിലെ കിണറിന് സമീപത്തും ഇവർ താമസിച്ചിരുന്ന ക്യാന്പിലും തെളിവെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ അന്വേഷണ സംഘം തുടങ്ങി.
സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ഡിസിപി അജിത്ത് കുമാർ, കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി, മെഡിക്കൽ കോളജ് എസ്എച്ച്ഒ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേശദാസപുരം രക്ഷാപുരി ചർച്ചിന് സമീപം റിട്ട. ഉദ്യോഗസ്ഥനായ ദിനരാജിന്റെ ഭാര്യ മനോരമയെ ആദം അലി കൊലപ്പെടുത്തിയത്.
കൃത്യത്തിനുശേഷം ബംഗാളിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ സിറ്റി പോലീസിന്റെ നിർദേശാനുസരണം ചെന്നൈ പോലീസ് പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു.