ആലുവ: യാത്രാവിലക്കുള്ളയാളെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാമെന്നുപറഞ്ഞ് യുവതിയിൽ നിന്നും 2.25 കോടി രൂപ തട്ടിയ കേസിലെ രണ്ടു പ്രതികളെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി.
പ്രതികളായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മുഹമ്മദ് അസ്ലം മൗലവി (50) കാഞ്ഞിരപ്പിള്ളി സ്വദേശി മുഹമ്മദ് ബിജ്ലി (54) എന്നിവരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പെരുമ്പാവൂർ പാറപ്പുറത്ത് താമസിക്കുന്ന അലിയെന്ന യുവാവ് ഖത്തറിൽ യാത്രാനിരോധനത്തിലാണ്. ഇയാളെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നൽകി ഭാര്യയിൽനിന്നും പലപ്പോഴായി മൗലവിയും കൂട്ടാളിയും കോടികൾ വാങ്ങുകയായിരുന്നുവെന്നാണ് കേസ്.
വർഷങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെ നാട്ടിലെത്തിക്കുകയോ, പണം തിരികെ നൽകാനോ സംഘം കൂട്ടാക്കാതിരുന്നതിനെ തുടർന്നു യുവതി പെരുമ്പാവൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
വിദേശത്ത് ക്രഷർ യൂണിറ്റ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് വാഴക്കാല സ്വദേശിയിൽനിന്നും മൗലവിയും ഭാര്യ സഹോദരനും ലക്ഷങ്ങൾ കബളിപ്പിച്ചുവെന്ന പരാതി തൃക്കാക്കര പോലീസിൽ ഇന്നലെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.