പെരിന്തൽമണ്ണ: മേലാറ്റൂരിൽ പിതൃസഹോദരൻ തട്ടിക്കൊണ്ടുപോയി പുഴയിൽ തള്ളിയ ഒൻപത് വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഇന്നു രാവിലെ ആനക്കയം മുതൽ പരപ്പനങ്ങാടി വരെയുള്ള കടലുണ്ടി പുഴയുടെ ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്.
പോലീസും ഫയർഫോഴ്സും ട്രോമ കെയർ വോളണ്ടിയർമാരുടെ കൂടി സഹായത്തോടെ മുഹമ്മദ് ഷഹീനെ കണ്ടെത്താനാണ് കടലുണ്ടി പുഴയിൽ തെരച്ചിൽ ഉൗർജിതമാക്കിയത്. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പിതൃസഹോദരൻ മേലാറ്റൂർ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദിനെ (48) നിലന്പൂർ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടുത്തദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. ഈ മാസം പതിമൂന്നിനാണ് ഷഹീനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
കുട്ടിയെ കാണായായതോടെ നാട്ടുകാരിൽ പലരും മുഹമ്മദിനേയും വിളിച്ചു. സാമൂഹിക മാധ്യമങ്ങളിൽ കുട്ടിയുടെ ഫോട്ടോ സഹിതം സന്ദേശങ്ങളും പ്രചരിച്ചു. അതോടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിയുമെന്ന നിലയായി. കുട്ടിയുമായി ഒളിച്ച് താമസിക്കാനോ പോകാനോ കഴിയാതെയും വന്നു. കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതും വഴിയിൽ ഉപേക്ഷിക്കുന്നതും പിടിക്കപ്പെടാൻ കാരണമാകുമെന്ന് ഭയന്നു.
അതോടെ തെളിവ് നശിപ്പിക്കുന്നതിനാണ് കുട്ടിയെ പുഴയിൽ തള്ളാൻ തീരുമാനിച്ചത്. തുടർന്നാണ് ആനക്കയം പാലത്തിനു സമീപം കടലുണ്ടി പുഴയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. അതിനു ശേഷം വീട്ടിൽ മടങ്ങിയെത്തുകയും സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളിൽ വരെ സജീവമായി പങ്കെടുത്തിരുന്നു.
ഈയടുത്ത് അനുജൻ നടത്തിയ സാന്പത്തിക ഇടപാടിൽ കയ്യിൽ ധാരാളം പണമുണ്ടെന്ന ധാരണയിൽ അനിയന്റെ മകനായ മുഹമ്മദ് ഷഹീനെ തട്ടിക്കൊ ണ്ടുപോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നൽകിയ മൊഴി.
പുഴയിലെറിയും മുൻപ്, കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്ക്രീമും വാങ്ങിനൽകുകയും ചെയ്തു. കുട്ടിയുമായി ബൈക്കിൽ കറങ്ങുന്നതും സിനിമ കാണുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എടയാറ്റൂരിൽനിന്ന് ബൈക്കിൽ കൊണ്ടുവന്ന കുട്ടിയെ നേരെ കൊണ്ടുപോയത് സിനിമാ തിയറ്ററിലേക്കായിരുന്നു. വളാഞ്ചേരി. തിരൂർ ഭാഗങ്ങളിലെല്ലാം കറങ്ങി.
പോകും വഴി ഷഹീന് ബിരിയാണിയും ഐസ്ക്രീമും ചോക്കളേറ്റുമെല്ലാം വാങ്ങി നൽകി. തിരൂർ ടൗണിലെ തുണിക്കടയിൽ കയറി 570രൂപ വിലയുളള ഷർട്ട് വാങ്ങിക്കൊടുത്തു. തുണിക്കടയിൽ വച്ചു തന്നെ സ്കൂൾ യൂണിഫോം മാറ്റി പുതിയ ഷർട്ട് ധരിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു.
അതേസമയം, പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ നാലാംക്ലാസുകാരനൊപ്പം പ്രതി ബൈക്കിൽ പന്ത്രണ്ടുമണിക്കൂർനേരം പൊതുസ്ഥലത്തുകൂടി യഥേഷ്ടം സഞ്ചരിച്ചിട്ടും വിഷയത്തിൽ യാതൊരു വിവരവും ശേഖരിക്കാനായില്ല എന്നത് പോലീസിന്റെ കൃത്യവിലോപമാണെന്ന പരാതിയുമായി നാട്ടുകാർ രംഗത്തുണ്ട്.